
ദോഹ: ഇന്‍കാസ് ഖത്തറില്‍ ചില ജില്ലാ കമ്മിറ്റികളിലെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഒരു നിമിഷം പോലും ആലോചിക്കാതെ അതിനായി മുന്നിട്ടിറങ്ങുമെന്ന് ചാണ്ടി ഉമ്മന്‍ എം എല്‍ എ. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

കെ പി സി സി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ദീപാവലിക്ക് ശേഷം നല്ലൊരു വെളിച്ചമുണ്ടാകുമെന്നും പുതിയ നേതൃത്വം വരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചാണ്ടി ഉമ്മന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നുണ്ടോ എന്ന ചോദ്യത്തിന് തമാശ രൂപത്തിലാണ് അദ്ദേഹം മറുപടി നല്‍കിയത്. എ ഐ സി സിയോ കെ പി സി സിയോ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ അറിയുന്നതിന് മുമ്പ് തന്നെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയും മുഖ്യമന്ത്രിയാക്കുകയും ചെയ്തവരാണ് മാധ്യമങ്ങളെന്നും ഗവര്‍ണര്‍ക്ക് കൊടുക്കേണ്ട മന്ത്രിമാരുടെ പട്ടിക വരെ നിങ്ങള്‍ പുറത്തുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും തത്ക്കാലം പോകുന്ന വഴിക്ക് തന്നെ പൊയ്‌ക്കോട്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
