ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്ററിന് ഔദ്യോഗിക തുടക്കമായി

Web Desk
2 Min Read

ദോഹ: മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ഥം ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിപ്പിടിച്ച ജനസേവന മാതൃകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഖത്തറിലെ പ്രവാസി സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍’ ഖത്തറില്‍ ചാപ്റ്റര്‍ ഔദ്യോഗികമായി ആരംഭിച്ചു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ട്രസ്റ്റിയും ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എല്‍ എയുമായ ചാണ്ടി ഉമ്മന്‍ ഖത്തര്‍ ചാപ്റ്റര്‍ ഔപചാരികമായി പ്രഖ്യാപിച്ചു.

city exchange

രാഷ്ട്രീയമില്ലാത്ത ജീവകാരുണ്യ പ്രസ്ഥാനമാണ് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷനെന്ന് ചാണ്ടി ഉമ്മന്‍ എം എല്‍ എ പറഞ്ഞു. സഹായം നല്‍കുന്നതില്‍ ഉമ്മന്‍ചാണ്ടി ഒരിക്കലും രാഷ്ട്രീയം നോക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കാസ് ഭാരവാഹികളുടെ അസാന്നിധ്യം വേദിയിലുണ്ടല്ലോ എന്ന ചോദ്യത്തിന് രാഷ്ട്രീയ സംഘടനയല്ലാത്തതുകൊണ്ടാണ് അങ്ങനെയെന്നും അദ്ദേഹം മറുപടി നല്‍കി.

ഖത്തറിലെ ഫൗണ്ടേഷന്റെ മുഖ്യരക്ഷാധികാരിയായി ജെ കെ മേനോന്‍ പ്രവര്‍ത്തിക്കും. യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളിലും ഗള്‍ഫ് മേഖലയിലും പാവപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

ഉമ്മന്‍ചാണ്ടി ഭവന പദ്ധതി വഴി ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിച്ചു നല്‍കിയത് പുതുപ്പള്ളിയിലാണെങ്കിലും മറ്റു ജില്ലകളിലായി പത്തോളം വീടുകള്‍ നല്‍കിയതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ പുതുപ്പള്ളി എം എല്‍ എ ആയതുകൊണ്ടാണ് അവിടേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മറ്റു ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പ്രവാസി സമൂഹത്തില്‍ നിന്നും ഇതുവരെ മികച്ച പിന്തുണ ലഭിച്ചിട്ടുണ്ടെന്നും തുടര്‍ന്നും അത് പ്രതീക്ഷിക്കുന്നതായും ചാണ്ടി ഉമ്മന്‍ വിശദമാക്കി.

- Advertisement -
Ad image

ചെയര്‍മാനായി ജൂട്ടസ് പോള്‍, വൈസ് ചെയര്‍മാന്‍മാരായി വിനോദ് കോര, ജീസ് ജോസഫ്, മുജീബ് വി സി, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍, ട്രഷറര്‍ നാസര്‍ വടക്കേക്കാട് എന്നിവരെ ഭാരവാഹികളായും ജോബി തോമസ്, മുഹമ്മദ് റാഫി, മുഹമ്മദ് സാഹിര്‍, നവാസ് തെക്കുംപുറം, നൗഫല്‍ കട്ടൂപ്പാറ, ഷനീര്‍ ഇടശ്ശേരി എന്നിവരെ കമ്മിറ്റി അംഗങ്ങളായും നിയോഗിക്കുകയും ചാപ്റ്റര്‍ കമ്മിറ്റി വിപുലീകരിക്കുവാന്‍ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്തു.

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, കായിക രംഗത്തെ പുരോഗതി, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നിവ ലക്ഷ്യമിട്ടാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

പാവപ്പെട്ടവര്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും അവരുടെ സാമ്പത്തിക പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുക, ജാതി, മത, ലിംഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ കായിക മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് വിദ്യാഭ്യാസവും പരിശീലനവും വൊക്കേഷണല്‍ സേവനങ്ങളും ലഭ്യമാക്കുക, പാര്‍ശ്വവത്കരിക്കപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന നല്‍കുക, രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, രോഗികളെ സഹായിക്കുക, സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രോത്സാഹിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യുക, മുതിര്‍ന്ന പൗരന്മാര്‍ക്കായി കായിക- ആരോഗ്യ സൗകര്യങ്ങളോട് കൂടിയ സീനിയര്‍ സിറ്റിസണ്‍ ഹോമുകള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുക, സ്‌പോര്‍ട്‌സ് സയന്‍സ്, പ്രകടനം മെച്ചപ്പെടുത്തല്‍, പരിക്കുകള്‍ തടയല്‍ എന്നിവയില്‍ പഠനം നടത്തുന്നതിന് ഗവേഷണ കേന്ദ്രങ്ങള്‍ നടത്തുകയും കായിക സംരംഭങ്ങളില്‍ സഹകരിക്കുകയും വിവിധ കായിക മത്സരങ്ങള്‍ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ മുന്നോട്ടുവെക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എയോടൊപ്പം ജൂട്ടസ് പോള്‍, ശ്രീജിത്ത് എസ് നായര്‍, ജീസ് ജോസഫ്, നാസര്‍ വടക്കേക്കാട്, മുജീബ് വി സി, വിനോദ് കോര എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!