ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ രാജ്യ പുരോഗതിയിലെ പങ്കാളികളെന്ന് ബംഗാള്‍ ഗവര്‍ണര്‍

Web Desk
2 Min Read

കൊച്ചി: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ രാജ്യപുരോഗതിയിലെ പങ്കാളികളാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യം വലിയ പരിവര്‍ത്തനത്തിന് വിധേയമായി. കരുത്തുറ്റ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്നത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരാണെന്നും അദ്ദേഹം പറഞ്ഞു. ദി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ ബോര്‍ഡ് ഓഫ് സ്റ്റഡീസ് സംഘടിപ്പിച്ച സി എ വിദ്യാര്‍ഥികളുടെ ദേശീയ സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബംഗാള്‍ ഗവര്‍ണര്‍.

city exchange

വിദ്യാഭ്യാസം കൊണ്ടാണ് ജനങ്ങള്‍ ശാക്തീകരിക്കപ്പെടെണ്ടത്. ഏറ്റവും മികച്ചതാകാനുള്ള പരിശ്രമമാണ് വിദ്യാര്‍ഥികള്‍ നടത്തേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വിശിഷ്ടാതിഥിയായി പങ്കെടുത്ത ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ ജനങ്ങളുടെ ജഡ്ജിയെന്നാണ് ബംഗാള്‍ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ദേവന്‍ രാമചന്ദ്രന്റെ ജനപ്രിയത അദ്ദേഹത്തിന്റെ മികവില്‍ നിന്ന് നേടിയെടുത്തതാണ്. അത്തരം മികവിനായി ഓരോരുത്തരും പരിശ്രമിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയാണ് ലോകത്തെ ഏറ്റവും മികച്ചതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നമ്മുടെ ശക്തി ആയുധങ്ങളല്ല, മറിച്ച് മികവാണെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം പരിശ്രമത്തിന്റെയും നേട്ടത്തിന്റെയും തലങ്ങളിലേക്ക് ഉയരുന്നതിന് വ്യക്തിഗതവും കൂട്ടായതുമായ പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും മികവിനായി പരിശ്രമിക്കുക എന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 (എ) ജെ അനുസരിച്ച് ഒരു പൗരന്റെ അടിസ്ഥാന കടമയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

- Advertisement -
Ad image

ജീവിതത്തിലുടനീളം സത്യസന്ധത കൈവിടരുതെന്നും യുവാക്കള്‍ നാടിനെ നയിക്കുന്നവരായി മാറണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഐസിഎഐ പ്രസിഡന്റ് ചരണ്‍ജോത് സിംഗ് നന്ദ അധ്യക്ഷത വഹിച്ചു. ബാബു എബ്രഹാം കള്ളിവയലില്‍, രോഹിത് റുവാഡിയ, സഞ്ജിബ് സാംഗി, എ എസ് ആനന്ദ്, ദീപ വര്‍ഗീസ്, ജോളി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

1500 വിദ്യാര്‍ഥികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആദ്യ ദിസവം വിവിധ വിഷയങ്ങളില്‍ ബന്‍വര്‍ ബോറാന, ആകാശ് കണ്‍ടോയ്, ലിജിന്‍ ലക്ഷ്മണ്‍, ഹിമാന്‍ഷു ശ്രീവാസ്തവ, സൗമ്യ കാന്ത പാതി, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഇന്ന് നടക്കുന്ന ടെക്നിക്കല്‍ സെഷനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമ്മേളനം ഇന്ന് സമാപിക്കും.

സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സമൂഹം എല്ലാ പിന്തുണയും നല്‍കുമെന്ന് ഐസിഎഐ പ്രസിഡന്റ് ചരണ്‍ജോത് സിംഗ് നന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാങ്കേതികവിദ്യകളിലൂടെ കേരളത്തിന് ഏറെ മുന്നേറ്റം കൈവരിക്കാന്‍ കഴിയും. കേരളത്തില്‍ നിന്നുള്ള സി എ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത് രാജ്യമെമ്പാടുമുള്ള സി എ വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ റോള്‍ മോഡലുകളാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!