യു എസ് പിന്മാറുമ്പോള്‍ അഫ്ഗാനില്‍ ഇടം തേടി ചൈന

Web Desk
1 Min Read

കാബൂള്‍: അഫ്ഗാന്‍ ഭരണകൂടവും താലിബാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ചൈനീസ് വിദേശകാര്യമന്ത്രി താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ നിര്‍ണായക ഇടപെടലാണ് ചൈനീസ് ഭരണകൂടം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ ലഭിക്കുന്ന സൂചന.
അഫ്ഗാനില്‍ നിന്ന് യു എസ് സൈന്യത്തെ പിന്‍വലിച്ചു തുടങ്ങിയതോടെയാണ് ചൈന ഇടപെടലുമായി രംഗത്തെത്തിയത്.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ താലിബാന്റെ ഒന്‍പത് നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ താലിബാന്‍ സഹസ്ഥാപകനായ മുല്ല അബ്ദുല്‍ ഗനി ബര്‍ദാനും പങ്കെടുത്തതായാണ് വിവരം. സംഘര്‍ഷം അനുരഞ്ജനത്തിലൂടെ പരിഹരിക്കാന്‍ ചൈനയുടെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തങ്ങളുടെ ആവശ്യവും ചൈന താലിബാനു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഉയരുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്നും അവയെ ഇല്ലാതാക്കാന്‍ താലിബാന്‍ സഹായിക്കണമെന്നുമാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയിലെ സിന്‍ജിയാംഗ് മേഖലയില്‍ വിഘടനവാദ ഗ്രൂപ്പുകള്‍ സജീവമാകുകയാണെന്നും അയല്‍രാജ്യമായ അഫ്ഗാന്‍ കേന്ദ്രീകരിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും വാങ് യീ പറഞ്ഞു.
അതിനിടെ മെയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം താലിബാന്‍ ആക്രമണത്തില്‍ 2400ലേറെ അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.
സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ താലിബാന്‍, അഫ്ഗാന്‍ നേതാക്കളോട് അഭ്യര്‍ഥിക്കുന്നതായി അഫ്ഗാനിസ്ഥാനിലെ യു എന്‍ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പറഞ്ഞു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ മരണസംഖ്യ ഇനിയുമുയരുമെന്നും ലിയോണ്‍സ് പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!