
ദോഹ: ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി സി ഐ സി (സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി, ഖത്തര്‍) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു.

സി ഐ സി പ്രസിഡന്റ് ആര് എസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിശ്വാസിയുടെ ജീവിതത്തെ മാറ്റിയെടുക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ഹജ്ജെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സി ഐ സി കേന്ദ്ര കമ്മിറ്റിയംഗം ടി കെ ഖാസിം അധ്യക്ഷത വഹിച്ചു.

പ്രധാന സെഷനുകളില്‍ പ്രമുഖ പണ്ഡിതര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. സി ഐ സി കേന്ദ്ര കമ്മിറ്റിയംഗം സുഹൈല്‍ ശാന്തപുരം ‘ഹജ്ജിന്റെ ആത്മാവ്’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ പി പി അബ്ദുല്‍ റഹീം ഹജ്ജിന്റെ വിധികളും പ്രായോഗിക രൂപങ്ങളും എന്ന വിഷയത്തില്‍ വിശദമായ പ്രസന്റേഷന് നടത്തി. കര്‍മ്മങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കേണ്ട രീതികളെക്കുറിച്ച് അദ്ദേഹം തീര്‍ഥാടകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി.
ക്ലാസുകള്‍ക്ക് ശേഷം നടന്ന സംശയനിവാരണ സെഷനില്‍ തീര്‍ഥാടകരുടെ ചോദ്യങ്ങള്‍ക്ക് പി പി അബ്ദുല്‍ റഹീം മറുപടി നല്കി.
സി ഐ സി കേന്ദ്ര കമ്മിറ്റിയംഗം മുഷ്താഖ് കെ എച്ച് സമാപനവും ഷുഐബ് ഖുര്‍ആന്‍ പാരായണവും നടത്തി.

