

ന്യൂഡല്‍ഹി: വ്യവസായ മേഖലയ്ക്കുള്ള കല്‍ക്കരി ഓണ്‍ലൈന്‍ ലേലം നിര്‍ത്തിവെച്ചു. കല്‍ക്കരി ക്ഷാമവും വൈദ്യുത പ്രതിസന്ധിയും രൂക്ഷമായതോടെയാണ് ലേലം നിര്‍ത്തിയത്. ഇതോടെ വ്യവസായ മേഖലയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. താപവൈദ്യുത മേഖലക്ക് കല്‍ക്കരി വിതരണം ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

കടുത്ത സാമ്പത്തിക തകര്‍ച്ചയാണ് വരാനിരിക്കുന്നതെന്ന് കമ്പനികള്‍ ഇതോടെ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്കി. ഉത്പാദനചെലവിന്റെ 40 ശതമാനവും കല്‍ക്കരിക്കുവേണ്ടി വിനിയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴെന്നും ഇത് പ്രതിസന്ധികൂട്ടുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് മണിക്കൂറിലധികം വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കുന്നത് കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് അലുമിനിയം അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതല്‍ സങ്കീര്‍ണമാകുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. ലോഡ്‌ഷെഡ്ഡിംഗ് കൂടുതല്‍ സംസ്ഥാനങ്ങള്‍ നടത്തേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. നിലവില്‍ പഞ്ചാബില്‍ നാലു മണിക്കൂര്‍ ഷെഡ്ഡിംഗുണ്ട്. ഝാര്‍ഖണ്ഡില്‍ 24 ശതമാനവും രാജസ്ഥാനില്‍ 17, ബീഹാറില്‍ ആറ് ശതമാനവും വൈദ്യുതി ക്ഷാമം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം താമസിയാതെ ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരും. കല്‍ക്കരി കിട്ടാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 13 താപനിലയങ്ങളാണ് അടച്ചിട്ടത്. രാജ്യത്തെ 135 താപനിലയങ്ങളില്‍ 80 ശതമാനവും രൂക്ഷമായ കല്‍ക്കരി ക്ഷാമമാണ് നേരിടുന്നത്.
ഊര്‍ജ്ജ കല്‍ക്കരി മന്ത്രിമാരുടെ അടിയന്തിര യോഗം ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തില്‍ കുറവു വരുത്താനാണ് സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഇതിനകം ഈ അഭ്യര്‍ഥന പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രികാല വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്ന് കേരളവും അഭ്യര്‍ഥിച്ചിരുന്നു.
നിലവില്‍ കേരളത്തില്‍ ലോഡ്‌ഷെഡ്ഡിംഗും പവര്‍കട്ടും ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്. ഈ മാസം 19ന് ശേഷം മാത്രമേ വൈദ്യുതിയില്‍ നിയന്ത്രണം വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന് സംസ്ഥാന വൈദ്യുത മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു. പ്രതിദിനം രണ്ട് കോടിയോളം രൂപ അധികം ചെലവഴിച്ചാണ് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കുന്നത്. 19ന് സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികളെ കുറിച്ച് തീരുമാനം സ്വീകരിക്കും. കേന്ദ്രവിഹിതം കുറയുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന സ്ഥിതിയുണ്ട്.
പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പുറമേ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും കല്‍ക്കരി ആവശ്യം ഉന്നയിച്ച് രംഗത്തു വന്നിട്ടുണ്ട്.

