Connect with us

Featured

അനിയന്ത്രിത വിമാന യാത്രാ നിരക്ക് വര്‍ധന: സാധാരണക്കാരായ വിദേശ ഇന്ത്യക്കാര്‍ക്ക് വിമാനയാത്ര ഒഴിവാക്കേണ്ടി വരുന്നതായി ഹൈക്കോടതി

Published

on


കൊച്ചി: അനിയന്ത്രിതമായ നിരക്ക് വര്‍ധന മൂലം സാധാരണക്കാരായ വിദേശ ഇന്ത്യക്കാര്‍ക്ക് വിമാന യാത്ര ഒഴിവാക്കേണ്ടി വരുന്നതായി കേരള ഹൈക്കോടതി. അനിയന്ത്രിതമായ വിമാന യാത്ര നിരക്ക് വര്‍ധന സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. വിമാന യാത്ര നിരക്ക് വര്‍ധനക്ക് നിയന്ത്രണവും മാനദണ്ഡവും കൊണ്ടു വരണമെന്നാവശ്യപ്പെട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ്പ് എം ഡിയുമായ കെ. സൈനുല്‍ ആബ്ദീന്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ വാക്കാല്‍ പരാമര്‍ശം.

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരായ സാധാരണക്കാര്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ് വിമാനയാത്രയെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍, കുത്തനെയുള്ള യാത്ര നിരക്ക് വര്‍ധന താങ്ങാവുന്നതിലപ്പുറമാണ്. ഉത്സവ സീസണുകളിലും മറ്റും യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് വിമാന യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നത്. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇവര്‍ സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ സംഭാവനയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ സാമൂഹിക ശാക്തീകരണത്തിനും കാരണക്കാരാണിവര്‍.

എന്നാല്‍, വല്ലപ്പോഴും നാട്ടില്‍ വന്ന് മടങ്ങാനുള്ള അവസരം പോലും നിഷേധിക്കും വിധം മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്രം വിമാനയാത്ര നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന അതോറിട്ടിക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു. വ്യോമയാന വകുപ്പിനെ കക്ഷിചേര്‍ക്കാന്‍ നിര്‍ദേശിച്ച കോടതി ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.


error: Content is protected !!