ജനാധിപത്യ രീതികള്‍ കാത്തുസൂക്ഷിക്കുന്ന കോണ്‍ഗ്രസ് ഭരണത്തില്‍ മടങ്ങിവരണം: പി സുരേന്ദ്രന്‍

Web Desk
3 Min Read

ദോഹ: വലിയ ജനാധിപത്യ രീതികളുള്ള കോണ്‍ഗ്രസ് ഇന്ത്യയില്‍ ഭരണത്തില്‍ മടങ്ങി വരണമെന്നും കോണ്‍ഗ്രസിന് മടങ്ങി വന്നേ മതിയാകൂൂ എന്നും എഴുത്തുകാരന്‍ പി സുരേന്ദ്രന്‍. മലപ്പുറം പെരുമയുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

city exchange

കോണ്‍ഗ്രസ് പാര്‍ട്ടി മടങ്ങി വരുമോ എന്നറിയില്ലെങ്കിലും ആ പാര്‍ട്ടിയുടെ പ്രശ്‌നംകൊണ്ട് മാത്രമല്ല അവര്‍ തോല്‍വി ഏറ്റുവാങ്ങിയതെന്ന് മനസ്സിലാക്കണമെന്നും പി സുരേന്ദ്രന്‍ പറഞ്ഞു. വംശീയ വര്‍ഗ്ഗീയത ആഴത്തില്‍ പിടിമുറുക്കിയതുകൊണ്ടാണ് ഇന്ത്യയിലെ ജനാധിപത്യ പാര്‍ട്ടികളെല്ലാം പരാജയപ്പെടുന്നത്. അമിത ഹിന്ദുത്വവത്ക്കരണത്തിലേക്ക് സാധാരണ ജനങ്ങള്‍ പോലും ആകൃഷ്ടരായതുകൊണ്ടാണ് ബി ജെ പി വിജയിക്കുന്നതും കോണ്‍ഗ്രസ് പോലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തളരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദൈനംദിനമായി ഏറ്റവും കൂടുതല്‍ വംശീയ വര്‍ഗ്ഗീയവത്ക്കരിക്കപ്പെടുന്നത് അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണെന്ന് ഞെട്ടലോടു കൂടി മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി. കോണ്‍ഗ്രസിനോട് തനിക്ക് പല തലത്തിലുള്ള വിയോജിപ്പുകളുണ്ടെങ്കിലും ഭരണത്തില്‍ അവരുടെമടങ്ങി വരവാണ് ആഗ്രഹിക്കുന്നതെന്നും പി സുരേന്ദ്രന്‍ പറഞ്ഞു. സംഘടനാ രീതികളില്‍ ഉയര്‍ന്ന ജനാധിപത്യ ബോധം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും നെയ്യപ്പത്തില്‍ നെയ്യ് ചേര്‍ക്കുന്നത് കൂടിപ്പോകുമ്പോഴുള്ളതുപോലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അവര്‍ക്ക് ഇപ്പോഴും സാംസ്‌ക്കാരിക മുഖമില്ലെന്നത് തനിക്ക് അവരോടുള്ള വലിയ വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സാംസ്‌ക്കാരിക വിഭാഗം വളരെ മോശമാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നതുപോലെ എഴുത്തുകാരേയോ കലാകാരന്മാരെയോ ചേര്‍ത്തു പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.

- Advertisement -
Ad image

കാന്തപുരം വിഭാഗത്തിന്റെ എസ് എസ് എഫ് പോലും സാംസ്‌ക്കാരികോത്സവങ്ങള്‍ സംഘടിപ്പിക്കുകയും അവര്‍ പുതിയ എഴുത്തുകാരെ ചേര്‍ത്തു പിടിക്കുകയും കൗതുകമുണര്‍ത്തുന്ന തരത്തില്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിചാരിച്ചാല്‍ ഇതിനേക്കാളൊക്കെ മികച്ച രീതിയില്‍ നടത്താന്‍ സാധിക്കുമെങ്കിലും അവര്‍ അതിനൊന്നും മെനക്കെടുന്നില്ല. ഈ വിയോജിപ്പുകളൊക്കെ കോണ്‍ഗ്രസിനോടുണ്ടെങ്കിലും ഇന്ത ്യയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് മടങ്ങി വരിക എന്നുള്ളതല്ലാതെ വേറെ യാതൊരു ഓപ്ഷനും മുമ്പിലില്ലെന്നതാണ് തന്റെ പക്ഷമെന്നുംഅദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി നല്കിയ ഉദാരമായ ജനാധിപത്യ ബോധത്തിലൂടെയാണ് നമ്മള്‍ ഇത്രയും കാലം ജീവിച്ചു പോയത്. കോണ്‍ഗ്രസിലെ അമിത ജനാധിപത്യമാണ് അവര്‍ക്കു തന്നെ വിനയായത്.

സി പി എമ്മിന്റെ വേദിയില്‍ അവരുടെ നേതാക്കളിലാരെയും വിമര്‍ശിക്കാനാവില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ വേദിയില്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളേയും താന്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്നും പി സുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെയൊക്കെ പറഞ്ഞിട്ടും അവര്‍ തന്നെ ആക്രമിക്കാനോ തല്ലാനോ വന്നിട്ടില്ലെന്ന് മാത്രമല്ല കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. സാംസ്‌ക്കാരിക മന്ത്രി കൂടിയായ ജി കാര്‍ത്തികേയനെതിരെ താന്‍ വിമര്‍ശനം ഉന്നയിച്ച കാലത്താണ് ഒരിക്കല്‍ തനിക്ക് സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമികള്‍ക്കൊന്നും അത്രകണ്ട് ഉദാരതയില്ലെന്നും പി സുരേന്ദ്രന്‍ പറഞ്ഞു. പലപ്പോഴും വലിയൊരു വിഭാഗത്തിന് യാതൊരു ഇടവും കൊടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

സി പി എം പാര്‍ട്ടിയില്‍ തന്നെ അവരോടുള്ള ആശയപരമായ വിയോജിപ്പ് താന്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് രണ്ടു തവണ വാങ്ങിയ തന്നെ കഴിഞ്ഞ എട്ടു കൊല്ലമായി സാഹിത്യ അക്കാദമിയുടെ ഒരു വേദിയിലും ക്ഷണിച്ചിട്ടില്ലെന്നും പി സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരത്തിലാണ് അവര്‍ വെറുപ്പും വിദ്വേഷവും കൊണ്ടുനടക്കുന്നത്. പുകസ കൊണ്ടുനടക്കുന്നതുപോലെ സാഹിത്യ അക്കാദമി കൊണ്ടു നടക്കാന്‍ പറ്റില്ലെന്നും എല്ലാ വിയോജിപ്പുകളും അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയില്‍ ജനിച്ചു വളര്‍ന്നു എന്നതിലാണ് ഏറ്റവും കൂടുതല്‍ അഭിമാനമെന്നും പി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. തന്റെ മതേതര ബോധത്തിന് അടിസ്ഥാനം മലപ്പുറം ജില്ല സംഭാവന ചെയ്തതാണെന്നും ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതുമായ ആനക്കയം പഞ്ചായത്തിലെ പൂക്കോട്ടൂരിനടുത്തുള്ള പാപ്പിനിപ്പാറ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള സ്‌നേഹാര്‍ദ്രമായ ഐക്യം കണ്ടാണ് ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

1921ലെ മലബാര്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പുസ്തകമെഴുതാന്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ യാത്ര ചെയ്തപ്പോള്‍ സ്വാതന്ത്ര്യ സമരം അരങ്ങേറിയ ഗ്രാമങ്ങളിലാണ് ഏറ്റവും ആഴമേറിയ ഹിന്ദു- മുസ്‌ലിം സൗഹാര്‍ദ്ദം കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ സ്വാതന്ത്ര്യ സമരം വര്‍ഗ്ഗീയമായിരുന്നു എന്ന രീതിയില്‍ ധാരാളം പ്രചരണം വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടി കൂടിയാണ് പുസ്തകമെഴുതിയത്. ഈ സ്വാതന്ത്ര്യ സമരത്തില്‍ ധാരാളം ഹിന്ദുക്കള്‍ പങ്കെടുത്തിരുന്നു. കലാപം വര്‍ഗ്ഗീയമായിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഗ്രാമങ്ങളിലെ ഹിന്ദു- മുസ്‌ലിം സൗഹാര്‍ദ്ദം.

ബഹുസ്വരത സംസ്‌കൃതിയാണ് മലപ്പുറം ജില്ലയിലുള്ളത്. അതില്‍ തീര്‍ച്ചയായും ഇസ്‌ലാമിന്റെ സംഭാവനയുണ്ട്. അതിഥികളെ സ്വീകരിക്കുന്ന രീതിയും പ്രവാചകന്റെ കാലത്തുള്ള ചേര്‍ത്തുപിടിക്കലും ഇപ്പോഴും മലപ്പുറത്തുണ്ട്. അതുകൊണ്ടുതന്നെ മലപ്പുറത്തിന് എതിരായി നടക്കുന്ന ഒരു വര്‍ഗ്ഗീയ പ്രചരണങ്ങളും വിലപ്പോവില്ലെന്നാണ് കരുതുന്നത്. മലപ്പുറത്തിന്റെ സ്‌നേഹം വര്‍ഗ്ഗീയതയെ തോല്‍പ്പിച്ചു കളയുക തന്നെ ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും പി സുരേന്ദ്രന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!