

കൊച്ചി: കേരളത്തിലെ സാമുദായിക സൗഹാര്‍ദം, മത- ഭാഷാ- സാംസ്കാരിക ഐക്യം എന്നിവ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി കോഓപ്പറേഷന്‍ (സി സി സി) ജൂലൈ ഒന്നിന് തുടക്കമാകും. എറണാകുളം ടൗണ്‍ ഹാളില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ലോക സമാധാന സന്ദേശവാഹകന് ദലൈലാമയുടെ സമാധാന സന്ദേശത്തോടെയാണ് തുടക്കം കുറിക്കുക.

ദലൈലാമയുടെ പ്രത്യേക പ്രതിനിധി, വിവിധ മതമേലധ്യക്ഷന്മാരും സംഘടാന നേതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യയുടെ മതേതരത്വവും ജനങ്ങളിലെ പരസ്പര സ്നേഹവും ബഹുമാനവും നിലനിര്‍ത്തുകയും വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്തുകയും പൗരന്മാരുടെ ഉത്തരവാദിത്വ ബോധം വളര്‍ത്തിയെടുക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കൂട്ടായ്മയുടെ രൂപീകരണം.

അതോടൊപ്പം സമൂഹത്തില്‍ സദാചാര മൂല്യങ്ങ വളര്‍ത്തുകയും മയക്കുമരുന്ന് അടക്കമുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ യോജിച്ച് പോരാടുക എന്നതും ലക്ഷ്യമാണ്. ഒന്നരവര്‍ഷത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇത്തരമൊരു കൂട്ടായ്മയ രൂപം കൊണ്ടതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സാമുദായിക സാഹോദര്യം തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ തടയാനും ഒരുമയോടെ അത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും വേദിയൊരുക്കുകയാണ് സി സി സി.
സംസ്ഥാന തലത്തില്‍ തുടക്കം കുറിക്കുന്ന ഈ കൂട്ടായ്മ ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും രൂപീകരിക്കുകയും അതിലൂടെ സൗഹാര്‍ദ്ദം എല്ലാ തലത്തിലും ഊട്ടിയുറപ്പിക്കാനുമാണ് ഭാവി പരിപാടി. സാഹോദര്യം തകര്‍ക്കുന്ന സംഭവങ്ങളില്‍ ശക്തമായ ഇടപ്പെടല്‍ നടത്തുന്നതിനായി സ്ഥിരം സംവിധാനം, സോഷ്യല്‍ മീഡിയ വഴിയുള്ള ക്യാംപയിന് സ്ഥിരം ടീം, സ്കൂളുകള്‍ കേന്ദ്രീകരിച്ച് പുതുതലമുറയിലേക്ക് സന്ദേശം എത്തിക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയ്ക്ക് രൂപം നല്‍കും. കൂടാതെ പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും ഉണ്ടാകുമ്പോള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാനും സംഘടന ലക്ഷ്യമിടുന്നു.
മൂന്ന് തലങ്ങളിലായാണ് കൗണ്‍സില്‍ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്. മതമേലധ്യക്ഷന്മാര്, സാമൂഹ്യ, സാംസ്കാരിക സംഘടനാ ഭാരവാഹികളും വിശിഷ്ട വ്യക്തികളും ഉള്‍പ്പെടുന്ന ഗാര്ഡിയന് കൗണ്‍സില്‍ ആണ് സി സി സിയുടെ നയപരമായ കാര്യങ്ങള്‍ നിശ്ചയിക്കുക. കൂടാതെ ജനറല്‍ കൗണ്‍സിലും പ്രവര്‍ത്തകസമിതിക്കും രൂപം നല്‍കും.
വിവിധ മതമേലധ്യക്ഷന്മാര്, സംഘടനകള്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ക്രൈതപ്രം ദാമോദരന്‍ നമ്പൂതിരി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ കൂട്ടായ്മയ്ക്ക് ഉണ്ടെന്നും സംഘാടകര്‍ പറഞ്ഞു. ഡോ. പി മുഹമ്മദാലി ഗള്‍ഫാര്‍, പി രാമചന്ദ്രന് (എറണാകുളം കരയോഗം), ഡോ. യാക്കോബ് അയ്റേനിയസ് തിരുമേനി, ഡോ. ഫാ. ആന്റണി വടക്കേക്കര, സി എച്ച് അബ്ദുല്‍ റഹീം, അഡ്വ. മുഹമ്മദ് ഷാ, എന്‍ എം ഷറഫൂദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

