

ദോഹ: ഗ്ലോബല്‍ പീസ് ഇന്‍ഡക്സിന്റെ 2023 എഡിഷന് പ്രകാരം മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും (മെന മേഖല) ഏറ്റവും സമാധാനപരമായ രാജ്യം ഖത്തര്‍.
ലോകാടിസ്ഥാനത്തില്‍ ഖത്തറിന് 21-ാം സ്ഥാനമാണ്. രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഖത്തര്‍ 21ലെത്തിയത്.

ലോകത്തിലെ 163 സ്വതന്ത്ര രാജ്യങ്ങളേയും പ്രദേശങ്ങളെയുമാണ് അവയുടെ സമാധാന നിലവാരമനുസരിച്ച് ഇന്‍ഡക്സ് റാങ്ക് ചെയ്യുന്നത്.

സാമൂഹിക സുരക്ഷയുടെ നിലവാരം, നിലവിലുള്ള ആഭ്യന്തര- അന്തര്‍ദേശീയ സംഘര്‍ഷത്തിന്റെ വ്യാപ്തി, സൈനികവത്ക്കരണത്തിന്റെ അളവ് എന്നിവ പരിഗണിച്ചാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.
2008 മുതല്‍ മെന മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യം എന്ന സ്ഥാനം നിലനിര്‍ത്തുന്ന ഖത്തര്‍ ആഗോളതലത്തില്‍ ഏറ്റവും സമാധാനപരമായ 25 രാജ്യങ്ങളിലാണ് ഇടം നേടിയിരിക്കുന്നത്.
മെന മേഖലയില്‍ കുവൈത്തിനാണ് രണ്ടാം സ്ഥാനം. ആഗോള റാങ്കിംഗില്‍ 35-ാം സ്ഥാനത്താണ് കുവൈത്ത്. മെന മേഖലയിലെ ആദ്യ അഞ്ചില്‍ ഒമാന്‍, ജോര്‍ദാന്‍, യു എ ഇ എന്നീ രാജ്യങ്ങളാണ് ഇടം നേടിയത്. തുണീഷ്യ, മൊറോക്കോ, അള്‍ജീരിയ, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവയ്ക്കാണ് അടുത്ത അഞ്ച് സ്ഥാനങ്ങള്‍.
യെമനാണ് മെന മേഖലയില്‍ സമാധാനത്തില്‍ ഏറ്റവും താഴെയുള്ള രാജ്യം.
ലോകത്തിലെ ഏറ്റവും സമാധാനപരമായ പ്രദേശമായി യൂറോപ്പിനെയാണ് സൂചിക സൂചിപ്പിക്കുന്നത്. ഏറ്റവും സമാധാനപരമായ പത്ത് രാജ്യങ്ങളില്‍ ഏഴെണ്ണവും യൂറോപ്പിലാണ്. ഏറ്റവും സമാധാനപരമായ മറ്റ് മൂന്ന് രാജ്യങ്ങള്‍ ഏഷ്യാ പസഫിക് മേഖലയിലും സ്ഥിതി ചെയ്യുന്നു. ഏറ്റവും സമ്ാധാനം കുറഞ്ഞ പ്രദേശം മെന മേഖലയാണ്. സമാധാനം കുറഞ്ഞ പത്ത് രാജ്യങ്ങളില്‍ നാലെണ്ണം സ്ഥിതി ചെയ്യുന്നത് മെനയിലാണ്.
ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമെന്ന പദവി ഐസ്ലാന്‍ഡ് നിലനിര്‍ത്തി. ഡെന്മാര്ക്ക് രണ്ടാം സ്ഥാനത്തും അയര്‍ലന്റ് മൂന്നാം സ്ഥാനത്തുമായി. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തും ഓസ്ട്രിയ അഞ്ചാം സ്ഥാനത്തും സിംഗപ്പൂര്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തും എത്തി. പോര്‍ച്ചുഗല്‍, സ്ലോവേനിയ, ജപ്പാന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ കൂടിയായാല്‍ ആഗോള ടോപ് ടെന്‍ പൂര്‍ത്തിയാക്കി.

