കോവിഡ്; പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍

Web Desk
3 Min Read

ദോഹ: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

city exchange

പൊതു- സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും തങ്ങളുടെ ജോലി സ്ഥലങ്ങളില്‍ തന്നെ പ്രവര്‍ത്തനം തുടരാന്‍ യോഗം അനുമതി നല്കി. എന്നാല്‍ തങ്ങളുടെ ജോലി സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിനെടുത്ത 15 പേര്‍ക്ക് മാത്രമേ ഒന്നിച്ചു നില്‍ക്കാനോ യോഗം ചേരാനോ അനുമതിയുള്ളു.

കോവിഡ് വാക്‌സിനെടുക്കാത്ത പൊതു- സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ എല്ലാ ആഴ്ചയും റാപിഡ് ആന്റിജന്‍ പരിശോധന നടത്തിയിരിക്കണം. എന്നാല്‍ കോവിഡ് വാക്‌സിന്റെ എല്ലാ ഡോസുകളും എടുത്തവരും കോവിഡ് രോഗം വന്ന് മുക്തരായവരും പരിശോധന നടത്തേണ്ടതില്ല.
തുറന്ന സ്ഥലങ്ങളിലും അടച്ചിട്ട കേന്ദ്രങ്ങളിലുമെല്ലാം മാസ്‌ക് ധരിച്ചിരിക്കണം. തുറന്ന സ്ഥലങ്ങളില്‍ കായിക പരിശീലനം നടത്തുന്നവര്‍ക്ക് ഇത് ബാധകമല്ല.

- Advertisement -
Ad image

താമസ കേന്ദ്രത്തില്‍ നിന്നും ഏതു കാര്യത്തിനു വേണ്ടി പുറത്തേക്കിറങ്ങുമ്പോഴും ഖത്തരികളും റസിഡന്റ് വിസയുള്ളവരും വിസിറ്റിംഗ് വിസയിലെത്തിയവരും ഉള്‍പ്പെടെ എല്ലാവരും തങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ ഇഹ്തിറാസ് ആപ് ആക്ടിവേറ്റ് ചെയ്തിരിക്കണം.

പള്ളികള്‍ എല്ലാ ദിവസവും അഞ്ച് നേരത്തെ പ്രാര്‍ഥനകള്‍ക്കും വെള്ളിയാഴ്ച ജുമുഅക്കും തുറക്കുന്നത് തുടരുമെങ്കിലും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. പള്ളികളിലെ ടോയിലറ്റുകളും അംഗസ്‌നാന കേന്ദ്രങ്ങളും ഔഖാഫ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കും.

വീടുകളിലും മജ്‌ലിസുകളിലും ഒത്തുചേരാന്‍ പരമാവധി 10 പേര്‍ക്കാണ് അനുവാദം. എല്ലാവരും വാക്‌സിനെടുത്തവരായിരിക്കുകയും വേണം. എന്നാല്‍ വീട്ടില്‍ തന്നെ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. എന്നാല്‍ വീടുകള്‍ക്കും മജ്‌ലിസുകള്‍ക്കും പുറത്ത് തുറന്ന സ്ഥലങ്ങളില്‍ പരമാവധി 15 പേര്‍ക്ക് ഒത്തുചേരാവുന്നതാണ്. എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. എന്നാല്‍ ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.

വിവാഹം ഹാളുകളിലോ ഹോട്ടലുകളിലോ തമ്പുകളിലോ ആണെങ്കിലും പരമാവധി 40 പേരെ മാത്രമേ അനുവദിക്കുകയുള്ളു. ഇവരെല്ലാവും വാക്‌സിനെടുത്തവരായിരിക്കണം. എന്നാല്‍ തുറന്ന വിവാഹ കേന്ദ്രങ്ങളില്‍ പരമാവധി ഒത്തുചേരാവുന്നവരുടെ പകുതിയോ പരമാവധി 80 പേരെയോ മാത്രമേ അനുവദിക്കുകയുള്ളു.

പൊതുപാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരമാവധി 15 പേര്‍ മാത്രമേ ഒന്നിച്ചുണ്ടാവാന്‍ പാടുള്ളു. ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. വ്യക്തിഗത കായിക ഇനങ്ങളായ നടത്തം, ഓട്ടം, സൈക്കിളിംഗ് എന്നിവയ്ക്ക് അനുവാദമുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകളും കായിക ഉപകരണങ്ങളും പ്രവര്‍ത്തിക്കാന്‍ അുവദിക്കും. ബീച്ചുകളും തുറക്കും.
ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തില്‍ നാലില്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കാന്‍ പാടില്ല. ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.

ബസ്സില്‍ അനുവദിച്ച എണ്ണത്തിന്റെ 60 ശതമാനം പേരെ മാത്രമേ കയറ്റാന്‍ പാടുള്ളു. മാത്രമല്ല സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

മെട്രോയില്‍ അനുവദിച്ചതിന്റെ 60 ശതമാനം പേര്‍ക്കാണ് യാത്ര അനുവദിക്കുക. പുകവലിക്ക് അനുവദിച്ച സ്ഥലങ്ങളില്‍ അത് നിര്‍വഹിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ യാത്രയില്‍ ഭക്ഷണ പാനീയങ്ങള്‍ അനുവദിക്കില്ല.

ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും 50 ശതമാനത്തില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. പരിശീലകരും പരിശീലനം നേടുന്നവരും വാക്‌സിനെടുത്തവരായിരിക്കണം.

സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവു. എല്ലാവരും വാക്‌സിനെടുത്തിരിക്കണം.

നഴ്‌സറികള്‍ 50 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ ജീവനക്കാരെല്ലാവരും വാക്‌സിനെടുത്തിരിക്കണം.
മ്യൂസിയങ്ങള്‍ക്കും പബ്ലിക്ക് ലൈബ്രറികള്‍ക്കും മുഴുവന്‍ കപ്പാസിറ്റിയിലും പ്രവര്‍ത്തിക്കാമെങ്കിലും സന്ദര്‍ശകര്‍ വാക്‌സിനെടുത്തവരായിരിക്കണം.

പ്രത്യേക ആവശ്യങ്ങളുള്ളവര്‍ക്കായി ഒരുക്കുന്ന സെഷനുകളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഉണ്ടാകരുത്. ഇവരുടെ പരിശീലകര്‍ കോവിഡ് വാക്‌സിനെടുത്തവരായിരിക്കണം.
മാളുകളും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകളും 75 ശതമാനം കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാം. വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.

അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
നിബന്ധനകള്‍ എട്ടാം തിയ്യതി മുതലാണ് നിലവില്‍ വരിക. അടുത്ത തീരുമാനങ്ങള്‍ പുറത്തുവരുന്നതുവരെ ഇവ തുടരും.

Share This Article
Leave a Comment
error: Content is protected !!