

കറാച്ചി: ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബന്നു കന്റോണ്‍മെന്റിന് സമീപമുള്ള സൈനിക കോമ്പൗണ്ടില്‍ ചാവേര്‍ ആക്രമണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു കാരുമായാണ് ആക്രമികള്‍ ഇടിച്ചു കയറിയത്.

ബന്നു കാന്റിലെ മതിലിന് സമീപം രണ്ട് ചാവേര്‍ ബോംബര്‍മാര്‍ പൊട്ടിത്തെറിച്ചതോടെ സൃഷ്ടിക്കപ്പെട്ട ദ്വാരത്തിലൂടെ ആറ് അക്രമികള്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രണ്ട് ചാവേര്‍ ബോംബര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സൈനിക ഓപ്പറേഷന്‍ തുടരുകയാണ്. അക്രമികള്‍ നാലുപേര്‍ ഒളിവിലാണെന്നാണ് നിഗമനം.
ഔദ്യോഗിക മരണസംഖ്യ ഇതുവരെ അറിവായിട്ടില്ല.
പ്രദേശത്ത് അധികൃതര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണകാരികളെ തടയാന്‍ കൂടുതല്‍ സേനയെത്തി. പാകിസ്ഥാന്‍ സൈന്യവും നിയമ നിര്‍വ്വഹണ ഏജന്‍സികളും സാഹചര്യം കൈകാര്യം ചെയ്യാന്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍ ഫുര്‍സാനുമായി ബന്ധമുള്ള ഹാഫിസ് ഗുല്‍ ബഹാദര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചതായി അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജെയ്ഷ് അല്‍ ഫുര്‍സാന്റെ കീഴിലുള്ള അല്‍ ഹംസ ആത്മഹത്യാ സ്‌ക്വാഡിന്റെ വീഡിയോ ഗ്രൂപ്പ് പ്രസിദ്ധീകരിച്ചു. ലാല്‍ മസ്ജിദ് ഓപ്പറേഷന്റെ പ്രതികാരമായി ‘ഇന്തിഖാം-ഇ-ലാല്‍ മസ്ജിദ്’ എന്നാണ് ഇപ്പോഴത്തെ ആക്രമണ പരമ്പരയെ ഗ്രൂപ്പ് വിശേഷിപ്പിച്ചത്.

