
ന്യൂയോര്‍ക്ക്: യു എസും ഇറാനും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ വലിയ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം പുന:രാരംഭിക്കുമെന്ന പ്രതീക്ഷ വിപണിയെ സ്വാധീനിച്ചു.

അമേരിക്കന്‍ ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്സ് 15 ശതമാനത്തിലധികം ഇടിഞ്ഞ് ഒരു ബാരലിന് 95 ഡോളറിന് താഴെയെത്തി. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഉണ്ടായിരുന്ന നിലയേക്കാള്‍ ഇപ്പോഴും വില ഉയര്‍ന്നതാണെങ്കില്‍ നിലവിലുള്ള അവസ്ഥയില്‍ വിലക്കുറവാണ് അനുഭവപ്പെടുന്നത്. ആഗോള ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡും ഏകദേശം 12.88 ശതമാനം താഴ്ന്നു.

ഓഹരി വിപണികള്‍ ശക്തമായി ഉയര്‍ന്നു. അമേരിക്കയില്‍ ഡൗ ജോണ്‍സ് ഫ്യൂച്ചേഴ്സ് 900 പോയിന്റ് വരെ ഉയര്‍ന്നപ്പോള്‍, എസ് ആന്റ് പി 500, നാസ്ഡാക് സൂചികകളും 2 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. ഏഷ്യന്‍ വിപണികളും ഇതേ പ്രവണത തുടര്‍ന്നു. ജപ്പാനിലെ നിക്കി 225 4.4 ശതമാനം ഉയര്‍ന്നപ്പോള്‍, ദക്ഷിണ കൊറിയയിലെ കൊസ്പി 5.6 ശതമാനം നേട്ടമുണ്ടാക്കി.
എന്നാല്‍ വെടിനിര്‍ത്തലിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കുമോ എന്ന കാര്യത്തില്‍ വിപണിയിലെ സംശയിക്കുന്നതിനോടൊപ്പം തന്നെ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിലപാട് മാറുന്ന സ്വഭാവവും ആശങ്കയ്ക്ക് കാരണമാണ്.
വെടിനിര്‍ത്തല്‍ താത്ക്കാലികമാണെന്ന നിലപാട് ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും യുദ്ധം അവസാനിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ പരമോന്നത നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് സൈനിക നടപടി നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

