കോവിഡിന്റെ പുതിയ വകഭേദം ഡെല്‍റ്റാക്രോണെന്ന് സൈപ്രസിലെ കണ്ടെത്തല്‍

Web Desk
1 Min Read

നിക്കോസിയ: ആശങ്കയുടെ കാര്‍മേഘങ്ങളിലേക്ക് ലോകത്തെ തള്ളിവിട്ട് കോവിഡിന്റെ പുതിയ വകഭേദം കൂടി കണ്ടെത്തി. കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള രണ്ട് വകഭേദങ്ങളായ ഡെല്‍റ്റയും ഒമിക്രോണും സംയോജിച്ചതാണ് പുതിയ വകഭേദം. സൈപ്രസ് സര്‍വകലാശാലയിലെ ബയോളജിക്കല്‍ സയന്‍സ് പ്രൊഫസറും ലബോറട്ടറി ഓഫ് ബയോടെക്‌നോളജി ആന്റ് മോളിക്യുലാര്‍ വൈറോളജി മേധാവിയുമായ ലിയോണ്ടിയോസ് കോസ്ട്രിക്കിസാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

city exchange

ഡെല്‍റ്റ ജിനോമുകള്‍ക്കുള്ളില്‍ ഒമിക്രോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പുതിയ വകഭേദത്തിന് ഡെല്‍റ്റാക്രോണ്‍ എന്ന പേരാണ് നല്കിയിരിക്കുന്നത് സിഗ്മ ടി വിക്ക് നല്കിയ അഭിമുഖത്തില്‍ കോസ്ട്രിക്കിസ് പറഞ്ഞു. ഇത്തരത്തിലുള്ള 25 കേസുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളിലാണ് ഡെല്‍റ്റാക്രോണിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഡെല്‍റ്റാക്രോണ്‍ കേസുകളുടെ ജനിതക ഘടന വൈറസിന്റെ മാറ്റങ്ങള്‍ വിശകലനം ചെയ്യുന്ന അന്താരാഷ്ട്ര ഡാറ്റാബേസായ ജി ഐ എസ് എ ഐ ഡിയ്ക്ക് അയച്ചിട്ടുണ്ട്.

ഡെല്‍റ്റാക്രോണിന്റെ അപകടാവസ്ഥ എത്രത്തോളമെന്ന കാര്യം ഭാവിയില്‍ മാത്രമേ വ്യക്തമാവുകയുള്ളുവെന്നും കോസ്ട്രിക്കിസ് പറഞ്ഞു. എന്നാല്‍ കോസ്ട്രിക്കിസിന്റെ കണ്ടെത്തലുകള്‍ ലബോറട്ടറിയിലുണ്ടായ മലിനീകരണത്തിന്റെ ഫലമാകാമെന്ന അഭിപ്രായം പ്രകടിപ്പിക്കുന്ന ശാസ്ത്രജ്ഞരുമുണ്ട്. പക്ഷേ, കോസ്ട്രിക്കിസ് തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒന്നിലധികം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ടെന്നും ഇസ്രായേലില്‍ നിന്നുള്ള ഒരു ശ്രേണിയെങ്കിലും ഡെല്‍റ്റാക്രോണിന്റെ ജനിതക സവിശേഷതകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ സാങ്കേതികപ്പിഴവല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!