Connect with us

Featured

വിദൂര പഠന സമ്പ്രദായം ഒരാഴ്ച കൂടി നീട്ടി യു എ ഇ

Published

on


ദുബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ യു എ ഇയിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വിദൂര പഠനം ഒരാഴ്ച കൂടി നീട്ടിയതായി യു എ ഇ വിദ്യാഭ്യാസ മേഖലയുടെ ഔദ്യോഗിക വക്താവ് ഹസ്സ അല്‍ മന്‍സൂരി അറിയിച്ചു. ജനുവരി 17 മുതല്‍ 21 വരെയാണ് വിദൂര പഠനം ദീര്‍ഘിപ്പിച്ചത്. നേരത്തെ പ്രഖ്യാപിച്ച ഈ തിയ്യതികളിലുള്ള പരീക്ഷകളും ജനുവരി 28ലേക്ക് മാറ്റിയിട്ടുണ്ട്.

കോവിഡ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികളോട് സമൂഹം നിര്‍വഹിക്കേണ്ട ബാധ്യതകളുടെ പ്രാധാന്യം യു എ ഇ ആരോഗ്യമേഖലയുടെ ഔദ്യോഗിക വക്താവ് ഡോ. നൂറ അല്‍ ഗൈതി എടുത്തുപറഞ്ഞു.

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും വീണ്ടെടുക്കല്‍ ത്വരിതപ്പെടുത്തുന്നതിനുമായി യു എ ഇ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ അധികാരികളും നിര്‍വഹിക്കുന്ന അടുത്ത സഹകരണം തുടക്കം മുതല്‍ പകര്‍ച്ചവ്യാധിയെ നേരിടാന്‍ യു എ ഇയെ സജ്ജമാക്കിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു.

യോഗ്യരായ എല്ലാ വ്യക്തികള്‍ക്കും വാക്‌സിനുകള്‍ നല്‍കി ആരോഗ്യമേഖല മികച്ച പ്രതിരോധശേഷി കൈവരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്നും 92.76 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാക്‌സിനുകള്‍, പ്രാഥമിക, ബൂസ്റ്റര്‍ ഷോട്ടുകള്‍, അണുബാധ, ആശുപത്രിവാസം, മരണനിരക്ക് എന്നിവ കുറയ്ക്കുന്നതിനും കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയുന്നതിനും ഗണ്യമായി സഹായിക്കുമെന്ന് ഡോ. അല്‍ ഗൈതി വിശദീകരിച്ചു. അതോടൊപ്പം പ്രായമായവരും വിട്ടുമാറാത്ത അസുഖങ്ങളുമുള്ളവരും ഉള്‍പ്പെടെ യോഗ്യരായവരെല്ലാം ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

വിദ്യാഭ്യാസ മേഖല കോവിഡിനെ നേരിടാന്‍ സജ്ജമാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു് വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ച നിലനിര്‍ത്താനുള്ള മേഖലയുടെ താത്പര്യത്തിന് അനുസൃതമായി, അടിയന്തര സാഹചര്യങ്ങളില്‍ ഉടനടി നടപടിയെടുക്കാന്‍ സജീവമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വക്താക്കള്‍ അറിയിച്ചു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!