അവഗണിക്കരുതേ യുദ്ധ- ദുരിത മേഖലകളിലെ സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍

Web Desk
3 Min Read

യുക്രെയ്‌നില്‍ നിന്നും അവസാന ഇന്ത്യക്കാരനെയും ഒഴിപ്പിക്കുന്നുവെന്ന ആശ്വാസത്തിലാണ് നാം. രണ്ടാഴ്ചയായി, ഏറെ അനിശ്ചിതത്വവും വളരെ പ്രയാസങ്ങളും അനുഭവിക്കുകയും മരണത്തെ മുഖാമുഖം കാണുകയും ഒരു വിദ്യാര്‍ഥിയുടെ ജീവന്‍ പൊലിയുകയും ചെയ്തു.

city exchange

കുവൈത്തില്‍ ഇറാഖിന്റെ അധിനിവേശം നടന്ന സമയത്ത് 1,70,000 ഇന്ത്യക്കാരെ വളരെ വേഗം നാട്ടിലെത്തിച്ച് ചരിത്രം രചിച്ച ഇന്ത്യന്‍ നയതന്ത്രജ്ഞത അതിന്റെ ആവര്‍ത്തനമാണ് യുക്രെയ്‌നിലും നാം കാണുന്നത്. കടുത്ത പ്രതിസന്ധികളില്‍ കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി 22,000ത്തിലധികം പൗരന്മാരെ നാട്ടിലെത്തിച്ച ഭരണാധികളെ അഭിനന്ദിക്കുകയും ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്കാര്‍ മുഴുവന്‍ പിന്തുണക്കുകയും ചെയ്യുന്നു.

കുവൈത്ത്- ഇറാഖ് സംഭവം പെട്ടെന്ന് ഉണ്ടായതും വളരെ അടിയന്തിര നടപടികള്‍ ആവശ്യവുമായിരുന്നു. എന്നാല്‍, യുക്രെയ്‌നില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണെന്നും യുദ്ധ സാധ്യത ഏറെയാണെന്നും അതിനാല്‍ എത്രയും പെട്ടെന്ന് മടങ്ങിവരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ ട്രാവല്‍ അഡൈ്വസറിയിലൂടെയും എംബസികള്‍ മുഖാന്തിരവും ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -
Ad image

എയര്‍ ബബിള്‍ കരാര്‍ ഇവിടുത്തേക്ക് വേണ്ടെന്ന് വെക്കുകയും എത്ര വിമാന സര്‍വീസുകള്‍ വേണമെങ്കിലും അയക്കാന്‍ തയ്യാറാവുകയും ചെയ്തു. ഇതിന് പുറമെ കേരളാ സര്‍ക്കാറും മറ്റ് സംസ്ഥാന സര്‍ക്കാറുകളും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, രക്ഷിതാക്കും വിദ്യാര്‍ഥികളും ഇത് കാര്യമായി പരിഗണിച്ചില്ല. പകരം അവര്‍ ഏജന്റുമാരുടെയും യൂണിവേഴ്‌സിറ്റികളുടെയും വാക്കുകള്‍ക്കാണ് വില കല്‍പ്പിച്ചത് എന്നാണ് പല രക്ഷിതാക്കളുമായി ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്!

കേരളത്തില്‍ പ്രളയമുള്ള അവസരങ്ങളിലും സമാനമായ അവസ്ഥയാണുണ്ടായതെന്ന് നമുക്ക് അറിയാവുന്നതാണല്ലോ. അറിയുക, സര്‍ക്കാറുകള്‍ ഇത്തരം കാര്യങ്ങള്‍ നമ്മോട് പറയുന്നത് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പല വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ്. വിശ്വസനീയമായ ഇത്തരം നടപടികളുമായി സഹകരിക്കുന്നില്ലെങ്കില്‍ നാം നല്‍കേണ്ടി വരുന്നത് വലിയ വിലയായിരിക്കും. സാമ്പത്തികമായ നഷ്ടവും പഠനത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷക്കാണല്ലോ ഏറെ പ്രാധാന്യം.

എംബസികളിലും ഇ മൈഗ്രേറ്റ് സൈറ്റിലും രജിസ്റ്റര്‍ ചെയ്യാം

ലോകത്ത് ഇന്ത്യക്കാരാണ് ഏറ്റവും വലിയ പ്രവാസി സമൂഹം. മൊത്തമായി 32 മില്യണ്‍ ഇന്ത്യക്കാര്‍ കുടിയേറ്റക്കാരായുണ്ടെന്ന് കണക്കാക്കുന്നു. (എന്‍ ആര്‍ ഐ, ഒ സി ഐ, പി ഐ ഒ കാറ്റഗറികള്‍ ഉള്‍പ്പെടെ.) ലോകത്തിലെ ഏത് കോണില്‍ പ്രതിസന്ധികള്‍ ഉണ്ടായാലും അത് ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്നുവെന്നതാണ് വസ്തുത. അതിനാല്‍ ഇത്തരം ദുര്‍ഘട ഘട്ടങ്ങളിലും മറ്റും ഇത്തരം രജിസ്‌ട്രേഷന്‍ വലിയ രീതിയില്‍ പ്രയോജനം ചെയ്യും.

ഇ മൈഗ്രേറ്റ് വഴി ഇ സി ആര്‍ കാറ്റഗറിക്കാര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഇ സി എന്‍ ആര്‍ കാറ്റഗറിയില്‍ പെടുന്നവര്‍ ഇങ്ങിനെ ചെയ്യുന്നത് അഭികാമ്യമാണെന്ന് സര്‍ക്കാര്‍ നമ്മെ നിരന്തരം തെര്യപ്പെടുത്തുന്നു. അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നാട്ടിലെയും വിദേശത്തെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രജിസ്‌ട്രേഷന്‍. ഇതിന് പുറമെ ഓരോ എംബസികളിലും രജിസ്റ്റര്‍ ചെയ്യാം. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം.

വിദേശ പഠനത്തിന് പോവുന്നവര്‍ക്ക് നോര്‍ക്കാ ഐ ഡി കാര്‍ഡ്

വിദേശ പഠനത്തിന് പോവുന്നവര്‍ക്കും നോര്‍ക്ക വകുപ്പ് ഏര്‍പ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് എടുക്കാനുള്ള അവസരം ഉണ്ട്. ഇന്ത്യയില്‍ നിന്ന് നൂറോളം വിദേശ രാജ്യങ്ങളിലായി 11,33,749 പേര്‍ പഠനം നടത്തുന്നുണ്ടെന്ന് പാര്‍ലെമെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. നമുക്ക് അറിയാവുന്നത് പോലെ സ്വാഭാവികമായും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം വളരെക്കൂടുതല്‍ ആയിരിക്കും. വിദേശ പഠനത്തിന് പോവുമ്പോള്‍ ഈ രജിസ്‌ടേഷന്റെ പ്രാധാന്യം ഇന്നത്തെ സാഹചര്യത്തില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു.

നമ്മുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തുന്ന മുന്നറിയിപ്പുകള്‍ സ്വീകരിച്ചും നിര്‍ദ്ദേശിക്കപ്പെട്ട രജിസ്റ്ററേഷനുകളും പൂര്‍ത്തീകരിക്കുന്ന സംസ്‌കാരം നമുക്ക് വളര്‍ത്തിയെടുക്കാം.
പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനായുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യാം.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!