മഹത്തായ സന്ദേശവുമായി ഈദുല്‍ ഫിത്വര്‍ വീണ്ടും

Web Desk
2 Min Read

സ്ഥിതി സമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നത്. ഇതിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ലോക മുസ്‌ലിംകള്‍ രണ്ടു ആഘോഷങ്ങളിലൊന്നായ ചെറിയ പെരുന്നാള്‍ സാഘോഷം കൊണ്ടാടുന്നു.

city exchange

ഹിജ്‌റ വര്‍ഷം ശവ്വാല്‍ മാസം ഒന്നിനാണ് ലോക മുസ്‌ലിംകളുടെ ആഘോഷമായ ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍. വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഈദുല്‍ ഫിത്വര്‍ എന്നാല്‍ മലയാളികള്‍ക്ക് ചെറിയ പെരുന്നാളാണ്. ഹിജ്‌റ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമായ റമദാന്‍ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാല്‍ മാസം ഒന്നിനാണ് ഈദുല്‍ ഫിത്വര്‍. ഈദ്, റമദാനിന് ശേഷം വരുന്ന മാസമായ ശവ്വാല്‍ ഒന്നിനാണെങ്കിലും പൊതുസമൂഹം റമദാന്‍ എന്ന് തെറ്റായി ഈ ദിവസത്തെ പറയാറുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം മഹാമാരി മൂലം ദുരിതം അനുഭവിച്ചതിന്നുശേഷം വിശുദ്ധമായ ഈദുല്‍ ഫിത്വര്‍ നമ്മിലേക്ക് വീണ്ടും ആഗതമായിരിക്കുകയാണ് പ്രാര്‍ഥനാനിരതമായ പാതിരാവുകളും ത്യാഗനിര്‍ഭരമായ മധ്യാഹ്നങ്ങളും ആത്മീയ സായൂജ്യത്തിന്റെ സന്ധ്യകളും നമ്മോട് സലാം ചൊല്ലി പിരിഞ്ഞിരിക്കുന്നു. ‘റയ്യാന്‍’ എന്ന കവാടം വ്രതമനുഷ്ഠിച്ച തഖ്‌വ സിദ്ധിച്ച സത്യവിശ്വാസികള്‍ക്കായി ആമോദത്തോടെ കാത്തിരിക്കുന്നു.

- Advertisement -
Ad image

പെരുന്നാള്‍ ത്യാഗത്തിന്റെ, പരിപൂര്‍ണ്ണതയുടെ ആഹ്ലാദമാണ് അല്ലാഹുവിനുവേണ്ടി മോഹങ്ങളെ തിരസ്‌കരിച്ച ആത്മാവിന്റെ ആഘോഷമാണ്. ആത്മീയതയും സൂക്ഷ്മതയും നിറഞ്ഞുനിന്ന മനോഹരമായ ഭൂതകാല പെരുന്നാളിന്റെ ഓര്‍മ്മകള്‍ വര്‍ത്തമാനകാലത്ത് ഒരു പകലിന്റെ വിരസതയാര്‍ന്ന ആഘോഷമായി മാറിയിട്ടുണ്ടോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. മഹത്തായ പെരുന്നാള്‍ അതിരുവിട്ട ആഹ്ലാദങ്ങളുടെയും ആഘോഷങ്ങളുടെയും ദിനമല്ല പ്രാര്‍ഥനയുടെ ദിനമാണ്. എന്നാല്‍ ആഘോഷിക്കേണ്ട എന്നൊന്നും ഇതിനര്‍ഥമില്ല. അതിരുകള്‍ ഭേദിക്കാത്ത രീതിയില്‍ ഒരു സത്യവിശ്വാസി ആഘോഷിക്കുക തന്നെ വേണം.

കോവിഡ് വരുത്തിവെച്ച വിന കാരണം ലോകം കരയുമ്പോള്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ സഹോദരന്മാര്‍ പട്ടിണിയിലും ദുരിതത്തിലും അകപ്പെട്ട പ്രയാസപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവുമായിരിക്കണം പെരുന്നാള്‍. ഒരുമാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം രാത്രിയിലെ നീണ്ട നിസ്‌കാരം, ഭജന ഇരുത്തം എല്ലാത്തില്‍ നിന്നും വിശ്വാസി നേടിയെടുത്ത ആത്മീയമായ പരിശുദ്ധി അതിന്റെ സമര്‍പ്പണമാണ്, സന്തോഷമാണ് പെരുന്നാള്‍. ആത്മീയമായ ഏതൊരു നേട്ടം കൈവരിക്കുമ്പോഴും അതിനെ സന്തോഷത്തോടും കൂടി ആഘോഷിക്കുക എന്നതാണ് ഇതിന്റെ പിന്നില്‍.

പെരുന്നാള്‍ സന്തോഷത്തില്‍ പങ്കു ചേരാനാവാത്ത അനേകം പേര്‍ക്ക് സന്തോഷ സുദിനത്തിലെ പ്രാര്‍ഥനയില്‍ ഇടം നല്‍കാന്‍ നമുക്ക് സാധിക്കണം.

മുപ്പത് ദിനരാത്രങ്ങളിലൂടെ സ്ഫുടം ചെയ്‌തെടുത്ത ഹൃദയ വിശുദ്ധിയെ തുടര്‍ന്നും നിലനിര്‍ത്താന്‍ നമുക്കാവണം.
ഏവര്‍ക്കും നേരുന്നു ഹൃദയം നിറഞ്ഞ ഈദുല്‍ ഫിത്വര്‍ ആശംസകള്‍.

Share This Article
Leave a Comment
error: Content is protected !!