Featured
നെഹ്‌റുട്രോഫി വള്ളം കളിക്ക് മേല്‍പാടം ചുണ്ടന്റെ ക്യാപ്റ്റന്‍ ഖത്തര്‍ വ്യവസായി സോളി വര്‍ഗീസ്സ് മേല്‍പാടം

ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന വിശ്വ പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ബി പോസിറ്റീവിന്റെ ഉടമ സോളി വര്‍ഗീസ്സ് എന്ന കുട്ടനാട്ടുകാരന്‍ മേല്‍പ്പാടന്‍ ചുണ്ടന്റെ അമരക്കാരനാകും.
നെഹ്‌റുട്രോഫിവള്ളം കളിയുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം:


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍ വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്.

1952 ഡിസംബര്‍ 27ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തില്‍ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റില്‍പ്പറത്തി വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി.


നെഹ്റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നു.
ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നെഹ്റു അയച്ചുകൊടുത്തു.
ഈ മാതൃകയാണ് വിജയികള്‍ക്കു നല്‍കൂന്ന നെഹ്റൂ ട്രോഫി. തുടക്കത്തില്‍ പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര് നെഹ്റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.
കുട്ടനാട്ടിലെ ഓരൊ ഗ്രാമങ്ങളുടേയും ഉത്സവസമാനമായ ആഘോഷമാണ് വള്ളംകളി മത്സരങ്ങള്‍. ഓരോ വര്‍ഷവും വിദേശികളടക്കം രണ്ടുലക്ഷത്തോളം പേര്‍
പുന്നമടക്കായലില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാനെത്തുന്നു.
പുന്നമടക്കായലിലെ ഓളങ്ങളെ കീറിമുറിച്ച് തുഴയെറിഞ്ഞ് കുതിച്ച് പായുന്ന ചുണ്ടന്‍ വള്ളങ്ങളുടെ വേഗവും താളവും നയനമനോഹരങ്ങളായ കാഴ്ചകളാണ്.
കേരളത്തിന്റെ സാംസ്‌കാരീക പൈതൃകം വിളിച്ചോതുന്ന കഥകളി, തെയ്യം, പഞ്ചവാദ്യം, പടയണി തുടങ്ങിയവ കാഴ്ചവെച്ചുകൊണ്ടുള്ള വള്ളങ്ങള്‍ മത്സരവള്ളങ്ങളെ പിന്തുടരുന്നു.
തുഴക്കാര്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ ചിതറിത്തെറിച്ചുയരുന്ന ജലകണങ്ങളുടെ വലയത്തിലൂടെ ചുണ്ടന്‍ വള്ളങ്ങള്‍ ഓളപ്പരപ്പില്‍ ഇഞ്ചോടിഞ്ച് പൊരുതി കുതിക്കുന്ന നയനമനോഹരമായ കാഴ്ച വേറിട്ട അനുഭവമാണ്.
വര്‍ഷങ്ങളുടെ പരിചയവും പരിശീലനവും സിദ്ധിച്ച തുഴച്ചിലുകാരുടെ പ്രാഗത്ഭ്യവും, മത്സരവീര്യവും അനായസം കായല്‍ പരപ്പിലൂടെ കുതിച്ചുപായാനുള്ള നിര്‍മ്മാണ മേന്മയും പുലര്‍ത്തുന്ന വള്ളങ്ങളാണ് വിജയികളെ നിശ്ചയിക്കുന്നതെന്ന് സോളി വര്‍ഗീസ്സ് പറയുന്നു.
കുട്ടനാട്ടിലെ വിവിധ പേരുകളിലറിയപ്പെടുന്ന ബോട്ട് ക്ലബ്ബുകളുടെ പേരിലാണ് ചുണ്ടന്‍ വള്ളങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. വര്‍ഷം നീണ്ട മുന്നൊരുക്കങ്ങളും തുഴച്ചിലുകാരുടെ പരിശീലനവും വള്ളങ്ങളുടെ നവീകരണവും മത്സരത്തിനിറങ്ങാന്‍ ആവശ്യമാണെന്ന് സോളി വര്‍ഗീസ് മേല്‍പാടന്‍ ആഗോളവാര്‍ത്തയ്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിവിധ ഗ്രാമങ്ങളിലെ ഇരുപതോളം ക്ലബ്ബുകളില്‍ പ്പെട്ട ചുണ്ടന്‍ വള്ളങ്ങള്‍ തമ്മിലാണ് പ്രധാന മത്സരം.
ഒരു വള്ളം മത്സരത്തിനിറക്കാന്‍ രണ്ടു കോടിയിലേറെ രൂപ പ്രാഥമിക ചിലവുകള്‍ക്കായി വരുമെന്ന് സോളി വര്‍ഗീസ് പറഞ്ഞു.
ആദ്യമായി ഇത്തവണ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിനിറങ്ങുന്ന മേല്‍പാടം ചുണ്ടന്‍ താന്‍ ജനിച്ച വളര്‍ന്ന ഗ്രാമം ദീര്‍ഘകാലമായി പരിലാളിക്കുന്ന ചിരകാല സ്വപ്‌നസാക്ഷാല്‍ക്കാരം കൂടിയാണെന്ന് സോളി വര്‍ഗീസ്സ് പറഞ്ഞു.
ഇതുവരെ സ്വന്തമായി വള്ളവും ക്ലബ്ബും ഇല്ലാതിരുന്ന മേല്‍പാടം ഗ്രാമത്തിന് സ്വന്തമായി ബോട്ട് ക്ലബ്ബും മനോഹരവും തലയെടുപ്പുമുള്ള പുതിയ ചുണ്ടന്‍ വള്ളവും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത് മേല്‍പാടം ഗ്രാമത്തിലെ ജനങ്ങളുടെ സഹകരണവും സോളി വര്‍ഗീസ് മേല്‍പാടത്തിന്റെ നിശ്ചയദാര്‍ഡ്യവും കഠിന പരിശ്രമവും കൊണ്ട് മാത്രമാണ്.
128 അടി നീളവും 64 ഇഞ്ച് വീതിയും 22 ഇഞ്ച് താഴ്ചയുമുള്ള വള്ളത്തിന് ഒരു കോടിയിലേറെ രുപ നിര്‍മ്മാണ ചെലവ് വന്നതായും മേല്‍പാടം ഗ്രാമത്തിലെ ഓരോ കുടുംബങ്ങളും അയ്യായിരം രുപ വീതം വിഹിതം നല്കിയാണ് സ്വന്തം ചുണ്ടന്‍ വള്ളം എന്ന സ്പ്‌നം യാഥാര്‍ഥ്യമാക്കിയത്.
ഒന്‍പത് മാസമെടുത്ത് പണി പൂര്‍ത്തിയാക്കിയ മേല്‍പാടം ചുണ്ടന്റെ നിര്‍മ്മാണ സമയത്ത് ‘മാലിപുരയില്‍’ (നിര്‍മ്മാണ പുര) ആദ്യമായി സ്ത്രീകളെ പ്രവേശിപ്പിച്ച് മാറ്റത്തിന്റെ ചരിത്രമെഴുതാന്‍ മേല്‍പാടം ചുണ്ടന്റ അമരക്കാരന് കഴിഞ്ഞു.
പണിപൂര്‍ത്തിയായി രണ്ടുമാസം മുന്‍പ് വള്ളം പുന്നമടയുടെ വിരിമാറിലെ നീറ്റിലിറക്കിയപ്പോള്‍ മേല്‍പ്പാടം ഗ്രാമത്തിന്റെ മുഴുവന്‍ ജനങ്ങളുടേയും സ്വപ്‌നസാക്ഷാല്‍ക്കാരത്തിന്റെ കാരണഭൂതനാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യവും സന്തോഷവും അനുഭവിച്ചുവെന്ന് സോളി വര്‍ഗീസ് പറഞ്ഞു.
മറ്റുകരക്കാര്‍ സ്വന്തം വള്ളത്തെ കുറിച്ചു പറയുമ്പോള്‍ മേല്‍പാടത്തിന് സ്വന്തമായൊരു ചുണ്ടന്‍വള്ളമുണ്ടായിരുന്നെങ്കിലെന്ന്
വള്ളംകളിയുടെ ആവേശം ചെറുപ്പം മുതലെ ഉള്ളില്‍ കൊണ്ടു നടക്കുന്നസോളി വര്‍ഗീസ് ആലോചിക്കുമായിരുന്നു എന്ന് പറയുന്നു.
നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്ന സോളി വര്‍ഗീസ്സ് ചുണ്ടന്‍വള്ളങ്ങളും വള്ളംകളിയും തന്റെ അഭനിവേശമായി ബാല്യം മുതലേ മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിത്വം കൂടിയാണ്.
മേല്‍പാടം ചുണ്ടന്റെ ക്യാപ്റ്റനായ സോളി വര്‍ഗീസ് ശനിയാഴ്ച നടക്കുന്ന വാശിയേറിയ മത്സരങ്ങളില്‍ വിജയിക്കാനുള്ള പരിശീനങ്ങളള്‍ക്കിടയിലാണ് ദോഹയിലെത്തിയത്. നെഹ്‌റു ട്രോഫി നേടാനുള്ള തീവ്ര പരിശീലങ്ങളിലേര്‍പ്പെട്ട തങ്ങളുടെ തുഴച്ചിലുകാര്‍ മത്സരിക്കുന്നത് ഈ രംഗത്തെ പ്രഗത്ഭരായ ക്ലബ്ബുകളോടാണെന്നും കുട്ടികാലത്തെ സ്വപ്‌നം തേടി ഇറങ്ങിയ ഈ കുട്ടനാട്ടുകാരന്‍ പറഞ്ഞു.
പള്ളിയോടങ്ങളും ചുണ്ടന്‍ വള്ളങ്ങളും മത്സരത്തിനിറങ്ങുന്ന നെഹ്‌റു ട്രോഫി മത്സരങ്ങള്‍ക്ക് മുന്‍പ് നടന്ന ലീഗ് മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച ആത്മവിശ്വാസവും മികച്ച പരിശീലനം നേടിയ 85 തുഴച്ചിലുകാരും 5 അമരക്കാരും 7 താളക്കാരുമടങ്ങുന്ന കുമരകം ബോട്ട് ക്ലബ്ബ് സംഘത്തില്‍ വിശ്വാസമര്‍പ്പിച്ച് മത്സരത്തിനിറങ്ങുന്ന മേല്‍പാടന്‍ ചുണ്ടന്റെ ക്യാപ്റ്റന്റെ മുഖത്ത് ഇത്തവണ നെഹ്‌റു ട്രോഫിയില്‍ മുത്തമിടുമെന്ന ആത്മവിശ്വാസം പ്രകടമായിരുന്നു.


