

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ടിക്കല്‍ത്താഴം, പേരാമ്പ്രയിലെ നടുവണ്ണൂര്‍ എന്നിവിടങ്ങളിലുള്ള സ്വര്‍ണ്ണകടത്ത് സംഘവുമായി ബന്ധമുള്ള രണ്ട് യുവാക്കളെ തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച് സ്വര്‍ണ്ണം ആവശ്യപ്പെട്ട ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട നാല് പ്രതികളെ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍, ഇന്‍സ്‌പെക്ടര്‍ ബെന്നിലാലു എം എല്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ രമേഷ് കുമാര്‍.എ എന്നിവരുടെ നേതൃത്തില്‍ അറസ്റ്റു ചെയ്തു.

ഏപ്രില്‍ 27ന് ദുബായില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വയനാട് പടിഞ്ഞാറെത്തറ കൂത്താളി വീട്ടില്‍ അബ്ദുല്‍ നിസാര്‍ സ്വര്‍ണ്ണം ഉടമസ്ഥര്‍ക്ക് നല്‍കാതെ വിമാനത്താവളത്തില്‍ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് അബ്ദുല്‍ നിസാറിനെ സ്വര്‍ണ്ണകടത്ത് സംഘങ്ങള്‍ക്ക് ഏര്‍പ്പാടാക്കി കൊടുത്ത പേരാമ്പ്ര സ്വദേശി വെള്ളിയൂര്‍ പോറോളി വീട്ടില്‍ മുഹമ്മദ് ഷഹീറിനെയും മായനാട് സ്വദേശി തയ്യില്‍ത്താഴം വീട്ടില്‍ ഫാസിലിനെയും സ്വര്‍ണ്ണകടത്ത് സംഘം തട്ടികൊണ്ടു പോവുകയും കരിയറായ അബ്ദുല്‍ നിസാറില്‍ നിന്നും സ്വര്‍ണ്ണം വീണ്ടെടുത്ത് തന്നില്ലെങ്കില്‍ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഈങ്ങാപ്പുഴയ്ക്കടുത്തുള്ള അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിക്കുകയുമായിരുന്നു. കൂടാതെ ഇവരുടെ വീട്ടുകാരോട് സ്വര്‍ണ്ണമോ അല്ലെങ്കില്‍ അതിനു തുല്യമായ പണമോ തന്നില്ലെങ്കില്‍ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് വിവരം പോലീസിനെ വീട്ടുകാര്‍ അറിയിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും പോലീസ് പിന്‍തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ തട്ടികൊണ്ടു പോയവരെയും കൊണ്ട് മൈസൂരിലെത്തുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൈസൂരില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി പ്രതികളിലൊരാളുടെ സിം കാര്‍ഡ് ആ ഫോണിലിട്ട് ദൃശ്യം സിനിമ സ്റ്റൈലില്‍ മൈസൂരില്‍ നിന്നും ജയ്പൂരിലേക്ക് പോകുന്ന ട്രെയിനിലെ വെയിസ്റ്റ് ബാസ്‌ക്കറ്റില്‍ നിക്ഷേപിച്ച് ശേഷം ബാംഗ്ലൂരിലേക്ക് കടക്കുകയുമായിരുന്നു.
എന്നാല്‍ ഇത് മനസ്സിലാക്കിയ അന്വേഷണ സംഘം കൃത്യമായ ആസൂത്രണത്തിലൂടെ ബാഗ്ലൂരിലെ മെജസ്റ്റിക്കിനു സമീപമുള്ള ലോഡ്ജില്‍ നിന്നും പ്രതികളായ മലപ്പുറം തയ്യിലക്കടവ് ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (31), മലപ്പുറം തയ്യിലക്കടവ് പൂനാടത്തില്‍ വീട്ടില്‍ ജയരാജന്‍ (51), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കല്‍ വീട്ടില്‍ രതീഷ് (32) എന്നിവരെയും ഇവര്‍ക്ക് വാഹനം എത്തിച്ചു കൊടുത്ത തയ്യിലക്കടവ് വീട്ടിലെ റൗഫ് എന്നിവരെ അറസ്റ്റു ചെയ്യുകയായിരുന്നു. ഫാസിലിനെയും ഷബീറിനെയും തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് കാറുകളും അന്വേഷണ സംഘം കണ്ടെടുത്തു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയ സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധമുള്ള മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ സുദര്‍ശന്‍ അറിയിച്ചു.
അന്വേഷണ സംഘത്തില്‍ വനിത എ എസ് ഐ സമീമ, സി പി ഒ അരുണ്‍, സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂര്‍, സുമേഷ് ആറോളി, അര്‍ജ്ജുന്‍ അജിത്ത്, കെ അഖിലേഷ്, സൈബര്‍ സെല്ലിലെ രാഹുല്‍ എന്നിവരും ഉണ്ടായിരുന്നു.

