

ദോഹ: ഇന്ത്യയില്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷ നല്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നതെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ പറഞ്ഞു. ഭരണം ലഭിക്കുകയെന്നതിലുപരി ബി ജെ പിയെന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി ഇന്ത്യാ മുന്നണി രൂപീകരിച്ച് നടത്തിയ പോരാട്ടത്തിന് വലിയ തോതിലുള്ള വിജയം കൈവരിക്കാന്‍ സാധിച്ചതാണ് മേന്മയായി കാണുന്നത്.

ഈ സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തിലെത്താനുള്ള വഴികള്‍ അടയാതെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള തരത്തിലുള്ള ഫലമാണ് വരുന്നതെന്നത് വലിയ പ്രതീക്ഷ മതേതര ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നുണ്ട്.

ചിലയിടങ്ങളില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും മറ്റു ചിലയിടങ്ങളില്‍ അപ്രതീക്ഷിത നേട്ടം കൈവരിക്കാനായിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പ്രതീക്ഷയോടെ മുന്നോട്ടു പോകാനുള്ള പ്രചോദനമാണ് തെരഞ്ഞെടുപ്പ് ഫലം.
കേരളത്തില്‍ രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ടതും തൃശൂരില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് കടന്നു കയറാന്‍ സാധിച്ചത് മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ വേദനയാണ്. തൃശൂരില്‍ ലഭിച്ച വോട്ടുകള്‍ ബി ജെ പിക്ക് അനുകൂലമായ വോട്ടല്ല. സുരേഷ് ഗോപിയുടെ പണത്തിന്റേയും പ്രവര്‍ത്തനത്തിന്റേയും ഫലമായാണ് തൃശൂര്‍ ബി ജെ പിക്ക് ലഭിച്ചത്. തൃശൂരിലെ വോട്ടുകള്‍ ബി ജെ പിക്കല്ല സുരേഷ് ഗോപിക്കാണ് കിട്ടിയതെന്നും ഹൈദര്‍ ചുങ്കത്തറ പറഞ്ഞു.
തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും ഏകാധിപത്യ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

