എപ്സ്റ്റീന്‍ ഫയല്‍സ്; പാശ്ചാത്യ നവമാനവികതക്കേറ്റ കനത്ത പ്രഹരം: ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
2 Min Read

ജിദ്ദ: പുരോഗമനത്തിന്റെ ഉച്ചകോടിയിലെത്തിയതായി അവകാശപ്പെടുന്ന ആധുനിക ലോകം സാംസ്‌കാരികമായി പിന്നോട്ടു സഞ്ചരിക്കുകയാണെന്നും മാനവികതയുടെയും ഉന്നത സംസ്‌കാരത്തിന്റെയും വക്താക്കളെന്ന നിലയില്‍ സ്വയം അവതരിപ്പിക്കുന്ന പാശ്ചാത്യ ലോകത്തിന്റെ കപടമുഖം ലിറ്റില്‍ സെന്റ് ജെയിംസ് ദ്വീപുമായി ബന്ധപ്പെട്ട എപ്സ്റ്റീന്‍ ഫയല്‍സിലൂടെ ലോകസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കപ്പെട്ടുവെന്നും കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. മനുഷ്യനിര്‍മ്മിത പ്രത്യയശാസ്ത്രങ്ങള്‍ ഉന്നത മാനവിക മൂല്യങ്ങള്‍ ഉറപ്പാക്കാന്‍ പര്യാപ്തമല്ലെന്ന സത്യം ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നതോടൊപ്പം ദൈവിക നിയമങ്ങളുടെ അനിവാര്യതയും ഇത്തരം സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷറഫിയ അല്‍ അബീര്‍ പോളി ക്ലിനിക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും അല്‍ സഫാ ജാലിയാത്തും സംയുക്തമായി സംഘടിപ്പിച്ച ‘അഹ്ലന്‍ റമദാന്‍’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സാമൂഹ്യജീവിയായ മനുഷ്യന് സഹിഷ്ണുതയോടെ സഹവര്‍ത്തിത്വം പുലര്‍ത്താന്‍ ധാര്‍മികതയില്‍ അധിഷ്ഠിതമായ ജീവിതമാര്‍ഗ്ഗം അനിവാര്യമാണെന്നും മനുഷ്യന്‍ ശരീരം മാത്രമല്ല, ആത്മാവുമുള്ള സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മാവിന്റെ ധാര്‍മിക സംസ്‌കരണത്തിന് മതബോധത്തില്‍ അധിഷ്ഠിതമായ ഭൗതികജീവിതമാണ് സ്വീകരിക്കേണ്ടതെന്നും ഇതിനെ അവഗണിച്ചതാണ് പാശ്ചാത്യ ലോകത്തിന്റെ സാംസ്‌കാരിക മൂല്യച്യുതിക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനവരാശിയെ സംസ്‌കാരസമ്പന്നരാക്കാന്‍ ദൈവിക ഗ്രന്ഥത്തിന്റെ ആശയങ്ങളെ ആവാഹിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്റെ മാസമായ റമദാന്‍ ലോകത്തോട് വിളിച്ചുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് വ്യാപകമാകുന്ന സ്വതന്ത്ര ലൈംഗികതയും വിവിധ തരത്തിലുള്ള ചൂഷണങ്ങളും ബൗദ്ധികമായി നേരിടുന്ന പ്രത്യയശാസ്ത്രമായി ഇസ്ലാം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ അതിനെ തകര്‍ക്കാന്‍ യുക്തിവാദത്തിന്റെ മറവില്‍ ഇസ്ലാം വെറുപ്പ് പ്രചരിപ്പിക്കുന്ന എക്‌സ്-മുസ്ലിങ്ങളുടെ ശ്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നന്മയുടെ ലോകം മതാധിഷ്ഠിതമായ ധാര്‍മിക മൂല്യങ്ങളില്‍ പണിതീര്‍ത്ത ഇസ്ലാമിന്റെ സന്ദേശങ്ങളാണെന്ന് മാനവരാശിയെ ബോധ്യപ്പെടുത്തുക ഓരോ മുസ്ലിമിന്റെയും ബാധ്യതയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മനുഷ്യനാഗരികതയുടെ എല്ലാ ഘട്ടങ്ങളിലും മാര്‍ഗദര്‍ശകമായി നിലനില്‍ക്കുന്ന ഏക ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഉനൈസ് പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു. അവതരണകാലം മുതല്‍ ഇന്നുവരെ ഖുര്‍ആന്‍ അത്ഭുതകരമായ രീതിയില്‍ അജയ്യമായി നിലനില്‍ക്കുന്നതോടൊപ്പം അതിന്റെ വചനങ്ങള്‍ ധാര്‍മികവും മാനവികവുമാണ്. നിരക്ഷരനായ പ്രവാചകനിലൂടെ ലോകം ശ്രവിച്ച ഖുര്‍ആന്‍ വചനങ്ങള്‍ക്ക് മാനവരാശിയെ പൂര്‍ണ്ണമായി സംസ്‌കരിക്കാനുള്ള ശേഷിയുണ്ടെന്നും ഈ പരിശുദ്ധ മാസത്തില്‍ ഖുര്‍ആനുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

- Advertisement -
Ad image

പരിപാടിയില്‍ ‘ലേണ്‍ ദ ഖുര്‍ആന്‍’ പരീക്ഷയില്‍ വിജയികളായ റുബീന അനസ്, നിഷ അബ്ദു റസാഖ്, ജെനി അന്‍വര്‍, ലുബ്‌ന, ഷാഹിന, നിഫിത നൗഷാദ്, ആമിന വളപ്ര എന്നിവര്‍ക്കും വിദ്യാര്‍ഥികളില്‍ ഫാത്തിമ ഫര്‍ഹ, സോയ പുള്ളോട്ട്, ലിബ മന്‍സൂര്‍, അമാല്‍ ഫാത്തിമ, അമാന്‍ ആഷിഖ്, അമീന ആഷിഖ്, ഷഹീം സിറാജുദ്ദീന്‍, ഷെസാ അമീന്‍, ആയിഷ, ഷെസാ ഫാത്തിമ, ഷിസാ ഫാത്തിമ എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ശൈഖ് അബ്ദുറഹ്മാന്‍ യൂസഫ് ഫള്ല്‍ ആശംസകള്‍ നേര്‍ന്നു. അല്‍ അബീര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇമ്രാന്‍ ചടങ്ങില്‍ സംസാരിച്ചു. ജിദ്ദ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!