

കോഴിക്കോട്: എലത്തൂര്‍ ട്രെയിനിലെ തീവെപ്പില്‍ പ്രതിയെ തേടി പൊലീസ് ഗാസിയാബാദിലേക്ക്. എസ് ഐ ടിയില്‍ നിന്നും നാല് ഉദ്യോഗസ്ഥരെയാണ് ഗാസിയാബാദിലേക്ക് അയക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമുണ്ടായത്.

എലത്തൂരിലെ ട്രെയിന്‍ തീവെപ്പിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനു ശേഷമുള്ള ആദ്യയോഗം ചൊവ്വാഴ്ച കോഴിക്കോട്ട് ചേര്‍ന്നു. എ ഡി ജി പി എം ആര്‍ അജിത് കുമാര്‍, റെയില്‍വേ ഉത്തര മേഖല ഐ ജി ടി എം ഈശ്വരറാവു, നോര്‍ത്ത് സോണ്‍ ഐ ജി നീരജ് ഗുപ്ത, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണ തുടങ്ങിയവര്‍ പങ്കെടുത്തു. എസ് ഐ ടിയിലെ അംഗങ്ങള്‍ക്ക് ചുമതല വീതിച്ചു നല്‍കി.

ഗാസിയാബാദിലേക്ക് ടീമില്‍നിന്ന് രണ്ട് സി ഐമാരെയും രണ്ട് ഷാഡോ പൊലീസിലെ അംഗങ്ങളെയും അയക്കാനും തീരുമാനിച്ചു. വിവരശേഖരണത്തിന് പ്രത്യേക സംവിധാനം കൂടി ഏര്‍പ്പെടുത്തിയതോടെ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ആവശ്യത്തിനുള്ള അംഗബലം അന്വേഷണസംഘത്തിന് ഉണ്ടെന്ന് എ ഡി ജി പി എ ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു.
നിലവില്‍ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ ഉത്തരം നല്‍കിയില്ല. കേസ് പ്രാഥമിക ഘട്ടത്തില്‍ ആണെന്നും വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സ്ഥലങ്ങളിലും പോകുമെന്നും അദ്ദേഹം പറഞ്ഞു.
എലത്തൂര്‍ തീവണ്ടി തീവെയ്പ് കേസില്‍ കസ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്ന് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍. മാധ്യമ വാര്‍ത്തകളിലും പ്രതികരിക്കാനില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രത്യേക അന്വേഷണസംഘം യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണം നടക്കുന്നതിന് അനുസരിച്ച് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ശേഷം പറയാം. ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും എ ഡി ജി പി പറഞ്ഞു.
ട്രെയിനില്‍ തീവെപ്പ് കേസ് അന്വേഷിക്കുന്ന 18 അംഗ സംഘത്തിന് എ ഡി ജി പി അജിത് കുമാര്‍ ആണ് നേതൃത്വം നല്‍കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കല്‍ പൊലീസ്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവയില്‍ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി വൈ എസ് പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, താനൂര്‍ ഡി വൈ എസ് പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്. ഇത് കൂടാതെ റെയില്‍വേ ഇന്‍സ്‌പെക്ടര്‍മാര്‍, ലോക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെയെല്ലാം ഈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

