

ദോഹ: ശീതകാലം ആരംഭിക്കുമ്പോള്‍ ശൈത്യകാല അവധിക്കാലത്തിന് മുമ്പ് ഫ്ളൂ ഷോട്ട് എടുത്ത് ആരോഗ്യത്തിനും പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.

ഇന്‍ഫ്ലുവന്‍സ വാക്സിന് വ്യക്തികളെ ഇന്‍ഫ്ളുവന്‍സയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സമൂഹത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും വ്യാപകമായ പകര്‍ച്ചവ്യാധികളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇന്‍ഫ്ളുവന്‍സയ്ക്കെതിരെ പ്രതിരോധശേഷി ഉണ്ടാക്കാന്‍ സമയമെടുക്കുമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു.

ഫ്ലൂ വാക്സിന് പൂര്‍ണ്ണ സംരക്ഷണം നല്കാന് സാധാരണയായി രണ്ടാഴ്ചയെടുക്കും. ശീതകാല അവധിക്ക് മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ വ്യക്തികള്‍ക്ക് അവരുടെ യാത്രകളില്‍ ഇന്‍ഫ്ളുവന്‍സയ്ക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം സജ്ജമാണെന്ന് ഉറപ്പാക്കാന്‍ കഴിയും. ഫ്ളൂ ഷോട്ട് ഇന്‍ഫ്ളുവന്‍സയ്ക്കെതിരായ സംരക്ഷണത്തിന്റെ നിര്‍ണായക പാളി നല്‍കുകയും യാത്രയ്ക്കിടെ അസുഖം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
പ്രായമോ ആരോഗ്യനിലയോ പരിഗണിക്കാതെ എല്ലാവരും ഫ്ളൂ ഷോട്ട് എടുക്കണമെന്ന് വിദഗ്ധര്‍ ശിപാര്‍ശ ചെയ്തു.
ഖത്തറില്‍ ഫ്ളൂ വാക്സിന് എവിടെ നിന്ന് ലഭിക്കും എന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ഇന്ഫ്ളുവന്സയെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങളും വെബ്സൈറ്റില്‍ കാണാം. ഹമദ് മെഡിക്കല്‍ കോര്പറേഷന് ആശുപത്രികളില്‍ ഷെഡ്യൂള്‍ ചെയ്ത ഔട്ട്പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് അപ്പോയിന്റ്മെന്റിലും ഫ്ളൂ ഷോട്ട് ലഭിക്കും.

