

തിരുവനന്തപുരം: സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എന്‍ എസ് മാധവന്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എസ് കെ വസന്തന്‍ ചെയര്‍മാനായ നാലംഗ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

1948ല്‍ എറണാകുളത്ത് ജനിച്ച എന്‍ എസ് മാധവന്‍ മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വ്വകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. 1975ല്‍ ഐഎഎസ് ലഭിച്ചു. കേരള സര്‍ക്കാര്‍ ധനകാര്യവകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറി ആയിരുന്നു. 1970ല്‍ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തില്‍ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌ക്കാരം, വി പി ശിവകുമാര്‍ സ്മാരക കേളി പുരസ്‌ക്കാരം, പത്മരാജന്‍ പുരസ്‌ക്കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഹിഗ്വിറ്റ, ചൂളെമേടിലെ ശവങ്ങള്‍, തിരുത്ത്, പര്യായകഥകള്‍, പഞ്ചകന്യകകള്‍, ഭീമച്ചന്‍ തുടങ്ങിയവ കഥാസമാഹാരങ്ങളും ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ നോവലും പുറം മറുപുറം ലേഖന സമാഹാരവുമാണ്.

