അല്‍ അഖ്‌സ മസ്ജിദില്‍ നടന്ന ഇസ്രായേലി ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: അല്‍ അഖ്‌സ മസ്ജിദില്‍ വിശ്വാസികള്‍ക്കു നേരെ ആക്രമണം നടത്തിയ ഇസ്രായേലി സേനയുടെ നടപടികളെ ഖത്തര്‍ ശക്തമായി അപലപിച്ചു. മസ്ജിദിനകത്ത് പ്രാര്‍ഥന നടത്തുന്നവര്‍ക്കു നേരെ ആക്രമണം നടത്തുകയും പ്രാര്‍ഥിക്കാനെത്തിയവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

city exchange

മസ്ജിദിന്റെ പരിശുദ്ധി തകര്‍ക്കുന്ന വിധത്തില്‍ പല തവണകളിലായി നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും വിശുദ്ധ മാസമായ റമദാനില്‍ ലോകത്താകമാനമുള്ള മുസ്‌ലിംകളുടേയും വിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നും ഖത്തര്‍ പ്രസ്താവനയില്‍ പറയുന്നു.

അന്താരാഷ്ട്ര നിയമം നടപ്പാക്കുന്നതിലും അന്താരാഷ്ട്ര തലത്തില്‍ ഫലസ്തീന്‍ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തുന്നതിലുമുള്ള പരാജയമാണ് തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഖത്തര്‍ വിശദമാക്കി. ഫലസ്തീനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അല്‍ അഖ്‌സ മസ്ജിദിനു നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ് ഖത്തറെന്ന നിലപാട് ആവര്‍ത്തിച്ച രാജ്യം നിയന്ത്രണങ്ങളില്ലാതെ അവരുടെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. 1967ലെ അതിര്‍ത്തി രേഖകള്‍ പ്രകാരം കിഴക്കന്‍ ജറുസലേം ആസ്ഥാനമായി ഫലസ്തീന്‍ സ്വതന്ത്രരാജ്യം സ്ഥാപിക്കണമെന്നും ഖത്തര്‍ വിശദമാക്കി.

അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രായേലി പൊലീസും സ്‌പെഷ്യല്‍ ഫോഴ്‌സും നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലും അപലപിച്ചു. ജറുസലേമിന്റെ ചരിത്രപരവും നിയമപരവുമായ അവസ്ഥകള്‍ ബഹുമാനിക്കാന്‍ ഇസ്രായേല്‍ അധികൃതര്‍ തയ്യാറാകണമെന്നും നിയമം ലംഘിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്നും ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ ഹജറാഫ് റിയാദില്‍ ആവശ്യപ്പെട്ടു.

അല്‍ അഖ്‌സ മസ്ജിദിന്റേയും വിശ്വാസികളുടേയും സുരക്ഷ ലോകസമൂഹം ഏറ്റെടുക്കണമെന്നും ഗള്‍ഫ് കോ ഓപറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.

അല്‍ അഖ്‌സ മസ്ജിദിനു നേരെ നടന്ന ഇസ്രായേലി ആക്രമണത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കൗണ്‍സിലും അറബ് പാര്‍ലമെന്റും ശക്തമായി അപലപിച്ചു.

Share This Article
Leave a Comment
error: Content is protected !!