
ദോഹ: കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഖത്തറിലെ ഫാമുകള്‍ സജ്ജമായി. ഈ വര്‍ഷം മൊത്തത്തിലുള്ള കാര്‍ഷിക ഉത്പാദനം കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5 മുതല്‍ 10 ശതമാനം വരെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മു്ന്‍സിപ്പല്‍ മന്ത്രാലയം അറിയിച്ചു.

കാലാവസ്ഥയിലെ അനുയോജ്യമായ മാറ്റങ്ങള്‍, കര്‍ഷകരുടെ പരിചയസമ്പത്ത്, ആധുനിക യന്ത്രങ്ങള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള വിത്തുകളും വളങ്ങളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പിന്തുണ എന്നിവയുടെ സമന്വയമാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാനകാരണം.

കൃഷിക്കാലത്തിനുള്ള ഫാം തയ്യാറാക്കല്‍ ആരംഭിക്കുന്നത് മണ്ണ് സജ്ജീകരിക്കല്‍, ജലസേചന സംവിധാനം പരിപാലനം, ഉചിതമായ വിത്തുകളും വളങ്ങളും തെരഞ്ഞെടുക്കല്‍ എന്നിവയിലൂടെയാണ്.
കര്‍ഷകര്‍ ഈ സീസണില്‍ നേരത്തേ നട്ട് കൃഷി ആരംഭിച്ചതിനാല്‍ വെണ്ട, വഴുതന, ഇലക്കറികള്‍, തക്കാളി എന്നിവ ഉള്‍പ്പെടെ വിളകള്‍ നേരത്തേ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളേക്കാള്‍ മികച്ച ഗുണനിലവാരവും പുതുമയും ഇപ്പോള്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
നിയന്ത്രിത അന്തരീക്ഷത്തിലുള്ള കൃഷി സംവിധാനം, ശീതീകരണ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യകള്‍ വര്ഷമെങ്ങും ഉത്പാദനം സാധ്യമാക്കുന്നതിനൊപ്പം ചെലവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച് ഈ വര്‍ഷം അനുയോജ്യമായ കാലാവസ്ഥാ സാഹചര്യം മൂലം വിളവെടുപ്പ് മെച്ചപ്പെടുകയും ശീതീകരണ സംവിധാനങ്ങളിലേക്കുള്ള ഊര്‍ജ്ജ ഉപഭോഗം കുറയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വേനല്‍ച്ചൂട് കൂടുതലുള്ള മാസങ്ങളിലും വിളകളെ സംരക്ഷിക്കുന്നതില്‍ ഈ സാങ്കേതിക വിദ്യകള്‍ പ്രധാന പങ്ക് വഹിക്കുന്നു. അതുവഴി ഏറ്റവും വെല്ലുവിളിയേറിയ കാലങ്ങളിലും പുതുമയുള്ള പച്ചക്കറികള്‍ വിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു.
മന്ത്രാലയം കാര്‍ഷിക സേവനങ്ങള്‍ അതിവേഗമായി ലഭ്യമാക്കുന്ന പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ മൂന്ന് പ്രവൃത്തി ദിവസത്തിനകം യന്ത്രങ്ങള്‍ ലഭ്യമാക്കുന്നു. ഇതില്‍ നിലം ഉഴുതെടുക്കല്‍, മണ്ണ് സമതലപ്പെടുത്തല്‍, യന്ത്രസഹായത്തോടെ വിത്തിടല്‍ തുടങ്ങി കൃഷിക്കായി ആവശ്യമായ തയ്യാറെടുപ്പുകള്‍ ഉള്‍പ്പെടുന്നു.
കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകള്‍, വളങ്ങള്‍, കീടനാശിനികള്‍ എന്നിവ വര്‍ഷം മുഴുവന്‍ കൂപ്പണ്‍ അടിസ്ഥാനത്തിലുള്ള വിതരണ സംവിധാനത്തിലൂടെ 15-ലധികം അംഗീകൃത വിതരണക്കാരില്‍ നിന്ന് ലഭിക്കുന്നു. വിള മാനേജ്‌മെന്റ്, കീട നിയന്ത്രണം, മണ്ണ് പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം ഫാമുകള്‍ സന്ദര്‍ശിച്ച് മാര്‍ഗ്ഗനിര്‍ദേശം നല്‍കും.
കര്‍ഷകരുടെ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് വര്‍ക്ക്ഷോപ്പുകളും പരിശീലന പരിപാടികളും വിപുലീകരിച്ചിട്ടുണ്ട്. ശരിയായ വിത്തിടല്‍ സമയം, വളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിലെ ശാസ്ത്രീയ രീതികള്‍, ശരിയായ വിള മാനേജ്‌മെന്റ് തുടങ്ങിയവയില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ അറിവ് ലഭിച്ചിട്ടുണ്ട്. ശീതീകരണമുള്ള ഗ്രീന്‍ഹൗസുകള്‍ പോലുള്ള സാങ്കേതിക വിദ്യയുടെ പ്രയോജനം ഉപയോഗിച്ച് ഉയര്‍ന്ന വിളവെടുപ്പ് നേടുന്നതിലും ഈ പരിശീലനങ്ങള്‍ സഹായകമാണ്.
മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം ഉല്‍പാദന വര്‍ധന മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതുമാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള പ്രാദേശിക ഉത്പന്നങ്ങളുടെ ലഭ്യത വര്‍ധിക്കുന്നതോടെ ഇറക്കുമതികളിലേക്കുള്ള ആശ്രയവും കുറയുന്നു.

