മുന്‍ മന്ത്രി എം എ കുട്ടപ്പന്‍ അന്തരിച്ചു

Web Desk
1 Min Read

കൊച്ചി: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ (75) അന്തരിച്ചു. കൊച്ചി പേരണ്ടൂര്‍ റോഡ് നിവ്യനഗറില്‍ ‘സകേത’ത്തില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്നു. മൃതദേഹം അമൃത ആശുപത്രിയില്‍.

city exchange

ബുധനാഴ്ച രാവിലെ 10 മുതല്‍ 11 വരെ എറണാകുളം ഡി സി സി ഓഫീസിലും 11.30 മുതല്‍ പേരണ്ടൂര്‍ റോഡിലെ നിവ്യനഗറിലെ വീട്ടിലും പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരം വൈകിട്ട് നാലിനുശേഷം പച്ചാളം ശ്മശാനത്തില്‍.

ഡോക്ടറായിരിക്കെ ജോലി രാജിവെച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഡോ. എം എ കുട്ടപ്പന്‍ 2001 മുതല്‍ 2004 വരെ എ കെ ആന്റണി മന്ത്രിസഭയില്‍ പട്ടികജാതി- പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമമന്ത്രിയായിരുന്നു. 1980ല്‍ വണ്ടൂര്‍ മണ്ഡലത്തില്‍നിന്നാണ് ആദ്യമായി എം എല്‍ എയായത്. 1987ല്‍ ചേലക്കരയില്‍നിന്നും 1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍നിന്നും നിയമസഭാംഗമായി. 1996 മുതല്‍ 2001 വരെ നിയമസഭയില്‍ പാര്‍ട്ടി വിപ്പായിരുന്നു.

- Advertisement -
Ad image

കെ പി സി സി എക്സിക്യൂട്ടീവ് അംഗമായും കോണ്‍ഗ്രസ് ഐ എസ് സി- എസ് ടി സെല്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍, ദക്ഷിണ റെയില്‍വേ ഡി റിക്രൂട്ട്മെന്റ് ബോര്‍ഡ്, കലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

രാഷ്ട്രീയത്തിലിറങ്ങുംമുമ്പ് 1973 മുതല്‍ 1975 വരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ ട്യൂട്ടറായിരുന്നു. 1975 മുതല്‍ 80 വരെ ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജനും 1983 മുതല്‍ 1987 വരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മെഡിക്കല്‍ ഓഫീസറുമായിരുന്നു.

പക്ഷാഘാതത്തെതുടര്‍ന്ന് പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. 2013ല്‍ കുറവിലങ്ങാട് എം എ ജോണ്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് പക്ഷാഘാതമുണ്ടായത്.

പത്തനംതിട്ടയിലെ വാളക്കുഴിയില്‍ എ അയ്യപ്പന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ബീബി ജോണ്‍ (റിട്ട. അധ്യാപിക, ഗവ. ഹൈസ്‌കൂള്‍, എളമക്കര). മക്കള്‍: അജിത് പ്രശാന്ത്, അനന്തു പ്രവീണ്‍ (കുസാറ്റില്‍ എല്‍ എല്‍ ബി വിദ്യാര്‍ഥി).

Share This Article
Leave a Comment
error: Content is protected !!