
ഫ്ളോറിഡ: മൂന്നു ദിവസത്തെ ബഹിരാകാശ യാത്രയ്ക്കു ശേഷം ആദ്യ ടൂറിസ്റ്റുകള്‍ തിരിച്ചെത്തി. നാല് ബഹിരാകാശ ടൂറിസ്റ്റുകളാണ് മൂന്നു ദിവസത്തെ യാത്രയ്ക്ക് പോയത്.


ഫ്ളോറിഡ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് രാത്രി അമേരിക്കന്‍ സമയം ശനിയാഴ്ച രാത്രി 7.06ഓടെയാണ് പതിച്ചത്. കടലിലേക്ക് പതിക്കുന്നതിന് മുമ്പ് സ്പേസ് എക്സ് ഡ്രാഗണ്‍ കാപ്സ്യൂള്‍ അതിന്റെ താപകവചം നാല് വലിയ പാരച്യൂട്ടുകളുടെ സഹായത്താല്‍ മന്ദഗതിയിലാക്കി. പേടകം ഇറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ കമ്പനി പുറത്തുവിട്ടു.
Splashdown! Welcome back to planet Earth, @Inspiration4x! pic.twitter.com/94yLjMBqWt
— SpaceX (@SpaceX) September 18, 2021

ഇത് തങ്ങള്‍ക്ക് അവിസ്മരണീയ യാത്രയായിരുന്നുവെന്നും തങ്ങള്‍ ആരംഭിക്കുകയാണെന്നും പദ്ധതിക്ക് ധനസഹായം നല്‍കിയ യാത്രക്കാരിലൊരാളായ ശതകോടീശ്വരന്‍ ക്യാപ്റ്റന്‍ ജാരെദ് ഐസക്മാന്‍ പേടകത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ പറഞ്ഞു. കടലില്‍ പതിച്ച പേടകത്തെ അവിടെ കാത്തുകിടന്ന ഒരു സ്പേസ് എക്സ് ബോട്ട് ഉടന്‍ തന്നെ വീണ്ടെടുക്കുകയായിരുന്നു. പേടകത്തിന്റെ വാതില്‍ തുറക്കുന്നതിനുമുമ്പ്, ബഹിരാകാശ സഞ്ചാരികള്‍ പുഞ്ചിരിക്കുകയും വായുവില്‍ കൈകള്‍ വീശുകയും ഓരോരുത്തരായി ഇറങ്ങിവരികയുമായിരുന്നു. ബുധനാഴ്ച അവരുടെ ദൗത്യം ആരംഭിച്ച കെന്നഡി സ്പേസ് സെന്ററിലേക്കാണ് അവര്‍ തിരികെ എത്തിയത്.
വര്‍ഷങ്ങളോളം തിരഞ്ഞെടുക്കപ്പെടാത്തതോ പരിശീലനത്തില്‍ ഏര്‍പ്പെടാത്തതോ ആയ ജീവനക്കാര്‍ക്ക് ബഹിരാകാശത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ടും ബഹിരാകാശത്തും ജനാധിപത്യവല്‍ക്കരണം സാധ്യമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.
ഒരു സെക്കന്‍ഡില്‍ 7.6 കിലോമീറ്റര്‍ സഞ്ചരിച്ച് ഓരോ ഒന്നരമണിക്കൂറിലും ഭൂമിയെ കണ്ടുകൊണ്ടായിരുന്നു ബഹിരാകാശ ടൂറിസ്റ്റുകളുടെ യാത്ര.ഇകോം കമ്പനിയുടമയും അര്‍ബുദരോഗത്തെ കീഴടക്കിയ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെട്ട നാലംഗസംഘം ബഹിരാകാശത്തെ മൂന്നുദിവസം ആസ്വദിച്ചതിനു ശേഷമാണ് സുരക്ഷിതരായി മടങ്ങിയത്. യുകുലെലെയില്‍ താളമിട്ടും സീറോ ഗ്രാവിറ്റിയില്‍ തലകുത്തിമറിഞ്ഞും പടം വരച്ചു ആദ്യ വിനോദ സഞ്ചാരികള്‍ യാത്ര ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്പെയ്സ് എക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പേടകത്തിന്റെ പൂര്‍ണനിയന്ത്രണം ഭൂമിയില്‍ നിന്നായതിനാല്‍ യാത്രക്കാര്‍ക്ക് ഉറങ്ങിയും ഉണ്ടും ഭൂമിയെ ഇടയ്ക്കിടെ കണ്ടും വിനോദപരിപാടികളില്‍ ഏര്‍പ്പെട്ടും സമയം കളയാം. ചെറിയ പരീക്ഷണങ്ങളും ഇടയ്ക്ക് നടത്തി.
ഇകോം കമ്പനിയുടമ ജാരദ് ഐസക്മാനും കുട്ടിക്കാലത്ത് കാന്‍സറിനെ കീഴടക്കിയ ഹെയ്‌ലി അര്‍സെനോ, ഡാറ്റ എന്‍ജിനീയര്‍ ക്രിസ് സെംബ്രോസ്‌കി, അധ്യാപകന്‍ സിയാന്‍ പ്രോക്ടര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബഹിരാകാശയാത്ര നടത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതയാണ് അര്‍സെനോ. കൃത്രിമക്കാല്‍ ഘടിപ്പിച്ച ആദ്യബഹിരാകാശയാത്രികയും അവരാണ്.

