ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ ശക്തരായ വനിതാ ബിസിനസ് പട്ടികയില്‍ നാല് സൗദി വനിതകള്‍

Web Desk
2 Min Read

റിയാദ്: ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ ഏറ്റവും ശക്തരായ 50 വനിതാ ബിസിനസുകാരികളുടെ പട്ടികയില്‍ നാല് സൗദി വനിതകളും. 19 രാജ്യങ്ങളില്‍ നിന്നുള്ള 17 മേഖലകളിലെ വനിതകളുടെ പട്ടികയിലാണ് സൗദി സ്ത്രീകള്‍ പേരു ചേര്‍ത്തത്.

city exchange

സാറ അല്‍ സുഹൈമി, ഹുഥം ഒലായന്‍, ലുബ്‌ന ഒലായന്‍, ബസ്മ അല്‍ മൈമന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.

സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തദാവുലിന്റെ പ്രഥമ അധ്യക്ഷയായ സാറ അല്‍ സുഹൈമി പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റോക്ക് മാര്‍ക്കറ്റാണ് സൗദി അറേബ്യന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. സൗദി അറേബ്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററായ സൗദി ടെലികോം കമ്പനിയുടെ ബോര്‍ഡ് അംഗം കൂടിയായ സാറ അല്‍ സുഹൈമി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് സ്റ്റാന്റേര്‍ഡ്‌സ് ഫൗണ്ടേഷന്റെ ട്രസ്റ്റി കൂടിയാണ്.

- Advertisement -
Ad image

സൗദി കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഫണ്ടിന്റേയും സൗദിയ എയര്‍ലൈന്‍സിന്റേയും ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് സാറ അല്‍ സുഹൈമി.

ആഗോള നിക്ഷേപക സ്വകാര്യ സംരംഭക സ്ഥാപനമായ ഒലായന്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണാണ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഇടംപിടിച്ച ഹുഥം ഒലായന്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്ന അന്താരാഷ്ട്ര നിക്ഷേപക സ്ഥാപനമായ ഒലായന്‍ ഗ്രൂപ്പ് 1947ലാണ് സ്ഥാപിക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റിലെ ബോര്‍ഡിലേക്ക് ഒലായന്‍ നിയമിക്കപ്പെട്ടിരുന്നു. ന്യൂയോര്‍ക്കിലെ 550 മാഡിസണ്‍ അവന്യൂ, ലണ്ടനിലെ നൈറ്റ്‌സ്ബ്രിഡ്ജ് എസ്‌റ്റേറ്റ്, മാഡ്രിഡിലെ ഹോട്ടല്‍ റിട്ട്‌സ് എന്നിവ ഉള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് വസ്തുവകകള്‍ ഇവര്‍ക്കുണ്ടെന്നാണ് ഫോബ്‌സ് മിഡില്‍ ഈസ്റ്റ് വിശദമാക്കുന്നത്. സൗദി അറേബ്യയില്‍ ഒലായന്‍ ഗ്രൂപ്പിന് കീഴിലാണ് കൊക്ക കോളയും ബര്‍ഗര്‍ കിംഗ് റസ്‌റ്റോറന്റുകളും മറ്റു നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.

ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ 11-ാം സ്ഥാനത്തുള്ള ലുബ്‌ന ഒലായന്‍ 2019ല്‍ റിട്ടയര്‍ ചെയ്യുന്നതുവരെ 30 വര്‍ഷക്കാലം ഒലായന്‍ ഫിനാന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്നു. 2019ല്‍ സൗദി ബ്രിട്ടീഷ് ബാങ്കിന്റെ ചെയര്‍വുമണായ ലുബ്‌ന ഒലായന്‍ 2021ല്‍ എസ് എ ബി ബിയുമായി ലയിച്ച അലാവല്‍ ബാങ്കിന്റെ ബോര്‍ഡ് അധ്യക്ഷയുമായിരുന്നു.

സൗദി ലിസ്റ്റഡ് കമ്പനിയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ചേര്‍ന്ന ആദ്യത്തെ വനിതയാണ് ലുബ്‌ന ഒലായന്‍. മാത്രമല്ല ഒലായന്‍ ഫിനാന്‍സ് ബോര്‍ഡ് അംഗം, സ്‌ക്ലബര്‍ഗര്‍ ആന്റ് മാദിന്‍, അലിയന്‍സ്, മാക്കിന്‍സി ആന്റ് സിപി, ബാങ്ക് ഓഫ് അമേരിക്കന്‍ മെറില്‍ ലിഞ്ച്, എ കെ ബാങ്ക് എന്നിവയുടേയും ഭാഗമാണ് അവര്‍.

യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃസ്ഥാനത്തെത്തിയ ജി സി സിയിലെ ആദ്യ വനിതയായ ബസ്മ അല്‍ മൈമന്‍ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ 15-ാം റാങ്കാണ് നേടിയത്. യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ ഡയറക്ടറാണ് അവര്‍.

യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ വേള്‍ഡ് ടൂറിസം അക്കാദമി സൗദി അറേബ്യയില്‍ സ്ഥാപിച്ച അല്‍ മൈമന്‍ ലോകബാങ്കിന്റെ മെന മേഖലയിലെ പ്രായം കുറഞ്ഞ സി ഇ ഒയുമാണ്.

പതിനേഴ് വര്‍ഷത്തിലേറെ സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിട്ടേജിന്റെ ഭാഗമായി പ്രവര്‍ത്തിച്ച പരിചയവുമുണ്ട് അല്‍ മൈമന്.

യു എ ഇ, ഈജിപ്ത്, സൗദി അറേബ്യ, മൊറോക്കോ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഈ വര്‍ഷത്തെ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ശക്തരായ 50 വനിതാ വ്യവസായികളുടെ പട്ടിക തയ്യാറാക്കിയത്.

Share This Article
Leave a Comment
error: Content is protected !!