

കോഴിക്കോട്: സ്വര്‍ണവുമായെത്തിയ കാരിയര്‍ മുങ്ങിയതിനു പിന്നാലെ പിടികൂടാന്‍ ക്രിമിനല്‍ സംഘത്തിനു ക്വട്ടേഷന്‍ നല്കിയ കേസിലെ പ്രതി നാടകീയമായി കീഴടങ്ങി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുള്‍പ്പെടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച കൊടുവള്ളി മാനിപുരം കളരാന്തിരി സ്വദേശി പുറായില്‍ മുഹമ്മദ് ഷമീര്‍ ആണ് കുന്നമംഗലം കോടതിയില്‍ കീഴടങ്ങിയത്.

നാലുവര്‍ഷം പ്രതി വിദേശത്തായിരുന്നുവെന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി എങ്ങനെ കോടതിയിലെത്തിയെന്നത് ദുരൂഹമാണ്. കേസന്വേഷണത്തിന്റെ ഭാഗമായി കൊടുവള്ളി കളരാന്തിരി സ്വദേശി ഫൈസലിനെ രണ്ടു മാസം മുമ്പ് അന്വേഷണ സംഘം പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെ ഫൈസലും മുങ്ങി. ഇന്നലെ കുന്നമംഗലം കോടതിയില്‍ ഫൈസലും ഷമീറിനൊപ്പം കീഴടങ്ങി. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരും കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

2018 സപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുവള്ളി സംഘം കാരിയര്‍ മുഖേന ഒന്നരകിലോ സ്വര്‍ണം നാട്ടിലേക്ക് അയച്ചു. ജ്യൂസ് രൂപത്തില്‍ ലായനിയാക്കിയായിരുന്നു സ്വര്‍ണം അയച്ചത്. എന്നാല്‍ കാരിയര്‍ ഈ വിവരം മറ്റൊരു സംഘത്തിനെ അറിയിച്ചു. കാരിയര്‍ കരിപ്പൂരില്‍ ഇറങ്ങി സ്വര്‍ണത്തിനായി കാത്തു നിന്ന മുഹമ്മദ് ഷമീര്‍ ഉള്‍പ്പെട്ട കൊടുവള്ളി സംഘം അറിയാതെ മറ്റൊരു സംഘത്തിനൊപ്പം രക്ഷപ്പെട്ടു. സ്വര്‍ണവുമായി രക്ഷപ്പെട്ട കാരിയറേയും സംഘത്തേയും തിരിച്ചറിഞ്ഞ കൊടുവള്ളി സംഘം ഇവരെ പിടികൂടാനും സ്വര്‍ണം വീണ്ടെടുക്കാനുമായി നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയായ കാക്കരഞ്ജിത്തിന് ക്വട്ടേഷന്‍ നല്‍കി. ക്വട്ടേഷന്‍ ഏറ്റെടുത്ത കാക്കരഞ്ജിത്ത് കാരിയറേയും ഒപ്പമുണ്ടായിരുന്ന കുന്നമംഗലം സ്വദേശിയായ യുവാവിനേയും പിടികൂടി. ദിവസങ്ങളോളം കാസര്‍ഗോഡ് ഉപ്പളയ്ക്ക് സമീപത്തുള്ള വീട്ടില്‍ വച്ച് മര്‍ദിക്കുകയും ചെയ്തു.
മര്‍ദനത്തെ തുടര്‍ന്ന് തട്ടിയെടുത്ത സ്വര്‍ണം സംബന്ധിച്ച് യുവാവ് ക്വട്ടേഷന്‍ സംഘത്തിന് വിവരം കൈമാറി. ഒരുകിലോ സ്വര്‍ണം ഇവര്‍ വീണ്ടെടുക്കുകയും ചെയ്തു. അതിനിടെ യുവാവിനെ കാണാതായതിന് പിന്നാലെ അമ്മ കുന്നമംഗലം പോലീസില്‍ പരാതി നല്‍കി. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് സ്വര്‍ണക്കടത്ത് ബന്ധത്തെ കുറിച്ച് വ്യക്തമായത്.
സംഭവത്തില്‍ 12 പേര്‍ക്കെതിരേയായിരുന്നു പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലൈയില്‍ കേസിലെ പ്രധാനിയായ കൊടുവള്ളി ആവിലോറ സ്വദേശി അബൂബക്കറിനെ പിടികൂടിയിരുന്നു. ചോദ്യം ചെയ്തതില്‍ കോടതിയില്‍ ഇന്നലെ കീഴടങ്ങിയ സമീര്‍ ദുബായിലാണെന്ന വിവരം ലഭിച്ചു. കൂടാതെ ഫൈസലിന്റെ പങ്കും വ്യക്തമാവുകയായിരുന്നു.

