

ദോഹ: ഫിഫ ലോകകപ്പ് 2022 ടൂര്‍ണമെന്റ് സംഘാടനത്തിന്റെ ഭാഗമായി നവംബര്‍ 15 മുതല്‍ 17 വരെ ‘വത്തന്‍’ എന്ന പേരില്‍ സന്നാഹ അഭ്യാസം സംഘടിപ്പിക്കുന്നു. ലോകകപ്പ് ടൂര്‍ണമെന്റ് സംഘാടനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ സൈനിക, സംഘാടന, സേവന സമിതികളുടെ പങ്കാളിത്തത്തോടെയാണ് ഖത്തറിലെ സുരക്ഷാ വിഭാഗങ്ങള്‍ വത്തന്‍ സംഘടിപ്പിക്കുന്നത്.


ബന്ധപ്പെട്ട വിഭാഗങ്ങള്‍ അവരുടെ പതിവ് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോഴും ലോകകപ്പുമായി ബന്ധപ്പെട്ട അധിക ജോലികള്‍ ചെയ്യുമ്പോഴും അടിയന്തര സംഭവങ്ങളോടുള്ള പ്രതികരണത്തിന്റെ വേഗത അളക്കുക, കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ മെക്കാനിസം സജീവമാക്കുക, തങ്ങളുടെ റോളുകളില്‍ സമഗ്രത നേടുന്നതിനും ആവശ്യമായ ജോലികള്‍ നടപ്പിലാക്കുന്നതിനും സൈനിക- സിവില്‍ അധികാരികള്‍ തമ്മിലുള്ള സംയുക്ത സഹകരണം ശക്തിപ്പെടുത്തുക, പങ്കെടുക്കുന്ന സഹോദര- സൗഹൃദ ശക്തികളുമായി അടുത്ത സഹകരണം ശക്തമാക്കുക, ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന പ്രധാന കായിക മത്സരങ്ങളിലും പരിപാടികളിലും മികച്ച സുരക്ഷാ അനുഭവങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളും സംയുക്ത സഹകരണവും ഉറപ്പാക്കുക തുടങ്ങിയവയാണ് വത്തന്‍ അഭ്യാസം ലക്ഷ്യമിടുന്നത്.

ആഭ്യന്തര- രാജ്യാന്തര തലങ്ങളില്‍ നിന്ന് പങ്കെടുക്കുന്ന ഏജന്‍സികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വത്തന്‍ സുരക്ഷാ അഭ്യാസം ഏറ്റവും വലുതായിരിക്കും. സുരക്ഷ സൈനിക, സംഘടനാ, സേവന വിഭാഗങ്ങളെ സംയോജിപ്പിച്ച് ഇത് കൂടുതല്‍ വികാസവും സാധ്യമാക്കും. ലോകകപ്പ് സംഘടിപ്പിക്കുമ്പോള്‍ ഉണ്ടാകാവുന്ന എല്ലാ ആഭ്യന്തരവും ബാഹ്യവുമായ അപകട സാധ്യതകളെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത സാഹചര്യങ്ങളെ ക്രോഡീകരിക്കാനും ഈ അഭ്യാസത്തില്‍ പങ്കെടുക്കുന്ന മേഖലകളിലെ വിദഗ്ധരുടെ പഠനത്തിലൂടെ സാധ്യമാകും.

