
ദോഹ: 1448 ഹിജ്റ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 20ന് ആരംഭിക്കും. ഒക്ടോബര്‍ 20 വരെ ഒരു മാസത്തേക്കാണ് രജിസ്‌ട്രേഷന്‍ അനുവദിച്ചിരിക്കുന്നത്. ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ ഹജ്ജ്- ഉംറ കാര്യ വകുപ്പാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്.

ഔദ്യോഗിക ഹജ്ജ് വെബ്സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഹജ്ജ് സീസണിനായുള്ള മുന്നൊരുക്കങ്ങള്‍ നേരത്തേ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഖത്തറില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

മുന്‍ ഹജ്ജ് സീസണുകളിലെ നേരത്തെയുള്ള രജിസ്‌ട്രേഷനിലൂടെ ഹജ്ജ് സേവന കമ്പനികള്‍ക്ക് കരാറുകളും പ്രവര്‍ത്തനപരമായ ക്രമീകരണങ്ങളും നേരത്തേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുവെന്നും ഇതിന്റെ ഫലമായി ഖത്തറില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനായെന്നും വാര്‍ത്താസമ്മേളനത്തില്‍ ഹജ്ജ്- ഉംറകാര്യ വകുപ്പ് ഡയറക്ടര്‍ അലി ബിന്‍ സുല്‍ത്താന്‍ അല്‍ മുസൈഫിരി പറഞ്ഞു.
ഹജ്ജ് സീസണിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് സൗദി അറേബ്യയിലെ ഹജ്ജ്- ഉംറ മന്ത്രാലയം നേരത്തെയുള്ള സമയക്രമം സ്വീകരിച്ചിട്ടുണ്ടെന്നും അല്‍ മുസൈഫിരി പറഞ്ഞു. രാജ്യങ്ങളുടെ തീര്‍ഥാടക ക്വാട്ട നിശ്ചയിക്കല്‍, താമസം, ഭക്ഷണം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട കരാറുകള്‍ പൂര്‍ത്തിയാക്കല്‍, ഹജ്ജ് ക്യാമ്പയിനുകളുമായി ബന്ധപ്പെട്ട നടപടികള്‍ക്കായുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ തുറക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. അതിനാല്‍ ഖത്തറിലും നടപടികള്‍ നേരത്തേ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
1448 ഹിജ്റ വര്‍ഷത്തെ ഹജ്ജിനായി ഖത്തറിന് അനുവദിച്ചിരിക്കുന്ന തീര്‍ഥാടക ക്വാട്ട 4,400 ആണെന്ന് അല്‍ മുസൈഫിരി അറിയിച്ചു. സൗദി ഹജ്ജ്- ഉംറ മന്ത്രാലയം കഴിഞ്ഞ സീസണ്‍ മുതല്‍ നടപ്പാക്കുന്ന ആരോഗ്യശേഷി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതാ വ്യവസ്ഥകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജ് കര്‍മങ്ങള്‍ സുരക്ഷിതമായും സുഗമമായും നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ ശാരീരികമായി പ്രാപ്തരാണെന്ന് ഉറപ്പാക്കുകയാണ് മാനദണ്ഡത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ പൗരന്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കുറഞ്ഞ പ്രായം 18 വയസ്സാണ്. ഒരു അപേക്ഷയില്‍ പരമാവധി മൂന്ന് അനുഗമിക്കുന്ന വ്യക്തികളെ ഉള്‍പ്പെടുത്താം.
ഖത്തറില്‍ താമസിക്കുന്നവര്‍ക്കും ജി സി സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കുറഞ്ഞ പ്രായം 45 വയസ്സാണ്. ഇവര്‍ മുമ്പ് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവരായിരിക്കണം. ഒരു അനുഗമിക്കുന്ന വ്യക്തിയെ മാത്രമേ അപേക്ഷയില്‍ ഉള്‍പ്പെടുത്താനാകൂ. കൂടാതെ, കുറഞ്ഞത് 15 വര്‍ഷമായി ഖത്തറില്‍ തുടര്‍ച്ചയായി താമസിച്ചിരിക്കണം.
രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് യോഗ്യതാ വ്യവസ്ഥകള്‍ വിശദമായി പരിശോധിക്കണമെന്നും അനുഗമിക്കുന്നവരുടെ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രധാന അപേക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നും അല്‍ മുസൈഫിരി നിര്‍ദേശിച്ചു. ഇതിലൂടെ പിന്നീട് അപേക്ഷയുടെയും അനുമതി നടപടികളുടെയും ഘട്ടത്തില്‍ ഉണ്ടാകാവുന്ന തടസ്സങ്ങള്‍ ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സീസണിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം കൂടുതല്‍ ലളിതവും സൗകര്യപ്രദവുമായ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളോടെ നവീകരിച്ചിട്ടുണ്ട്. അംഗീകൃത ഹജ്ജ് ക്യാമ്പയിനുകളുമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ തീര്‍ഥാടകര്‍ക്ക് കഴിയും.
രജിസ്‌ട്രേഷന്‍, ഹജ്ജ് ക്യാമ്പയിന്‍ തിരഞ്ഞെടുക്കല്‍, കരാര്‍ പൂര്‍ത്തിയാക്കല്‍, ഓണ്‍ലൈന്‍ പേയ്മെന്റ് എന്നിവയുടെ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ ബോധവത്കരണ വീഡിയോകളും ഔഖാഫ് മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
ഈ സീസണില്‍ ലൈസന്‍സും അംഗീകാരവും ലഭിച്ച എല്ലാ ഹജ്ജ് സേവന കമ്പനികളുടെയും വിവരങ്ങള്‍ ഹജ്ജ് വെബ്സൈറ്റില്‍ ലഭ്യമാകും. സംശയങ്ങള്‍ക്കും പരാതികള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഹജ്ജ്- ഉംറ കാര്യ വകുപ്പിന്റെ ഔദ്യോഗിക ചാനലുകളുമായോ 132 എന്ന ഹോട്ട്ലൈന്‍ നമ്പറിലൂടെയോ ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് കരാര്‍ നടപടികളുടെ ഭാഗമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം തീര്‍ഥാടകര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തുക അടയ്ക്കണം. അടയ്‌ക്കേണ്ട തുക പിന്നീട് പ്രഖ്യാപിക്കും. ഇത് രജിസ്‌ട്രേഷന്‍ ഫീസല്ലെന്നും ഹജ്ജ് പാക്കേജിന്റെ അന്തിമ ചെലവില്‍നിന്ന് കുറയ്ക്കുന്ന മുന്‍കൂര്‍ തുകയാണെന്നും അല്‍ മുസൈഫിരി വ്യക്തമാക്കി.
അപേക്ഷകരുടെ ഗൗരവവും രജിസ്‌ട്രേഷന്‍ നടപടികളോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിനാണ് മുന്‍കൂര്‍ തുക ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താമസം, ഗതാഗതം, ഭക്ഷണം, മറ്റ് സേവനങ്ങള്‍ എന്നിവയുടെ നിലവാരം അനുസരിച്ച് ഓരോ ഹജ്ജ് ക്യാമ്പയിനിന്റെയും പാക്കേജ് നിരക്കില്‍ വ്യത്യാസമുണ്ടാകും.
രജിസ്‌ട്രേഷന്‍ അവസാനിച്ച ഉടന്‍ അപേക്ഷകളുടെ ഇലക്ട്രോണിക് പരിശോധന ആരംഭിക്കും. അംഗീകരിക്കപ്പെട്ട അപേക്ഷകരെ സംബന്ധിച്ച അറിയിപ്പുകളും അനുമതിയും ഒക്ടോബര്‍ അവസാനത്തോടെ രജിസ്‌ട്രേഷനില്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് എസ് എം എസ് മുഖേന അയക്കും.
നേരത്തേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ഹജ്ജ് സേവന കമ്പനികള്‍ക്ക് പ്രവര്‍ത്തന ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഉയര്‍ന്ന നിലവാരത്തിലും കാര്യക്ഷമതയിലും ഹജ്ജ് സീസണിനായി തയ്യാറെടുക്കാനും സാധിക്കുമെന്ന് അല്‍ മുസൈഫിരി പറഞ്ഞു.
അതേസമയം, ഈ വര്‍ഷത്തെ ഹജ്ജ് രജിസ്‌ട്രേഷനുള്ള ആദ്യപടിയായി മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് ഖത്തര്‍ ഹജ്ജ് മിഷന്റെ മെഡിക്കല്‍ യൂണിറ്റ് മേധാവി ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു. സൗദി ഹജ്ജ്- ഉംറ മന്ത്രാലയം അംഗീകരിച്ച നിര്‍ബന്ധിത വ്യവസ്ഥകളില്‍ ഒന്നാണ് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏതെങ്കിലും ആരോഗ്യകേന്ദ്രത്തിലെത്തി ആവശ്യമായ പരിശോധന നടത്താം. പരിശോധനാഫലം ഹജ്ജ്- ഉംറ കാര്യ വകുപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ആരോഗ്യ സംവിധാനത്തില്‍ ഇലക്ട്രോണിക് ആയി രേഖപ്പെടുത്തും.
തീര്‍ഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയും ഹജ്ജ് കര്‍മങ്ങള്‍ സുഗമമായും സുരക്ഷിതമായും നിര്‍വഹിക്കാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് ആരോഗ്യശേഷി മാനദണ്ഡത്തിന്റെ ലക്ഷ്യമെന്ന് അല്‍ റുമൈഹി പറഞ്ഞു. ഹജ്ജ് തീര്‍ഥാടനത്തിനിടെ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട വിശദമായ വ്യവസ്ഥകള്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

