Featured
‘ഹരിത’ വിവാദം; എം എസ് എഫ് നേതാക്കളെ സസ്‌പെന്റ് ചെയ്‌തേക്കും
മലപ്പുറം: ഹരിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്ന് എം എസ് എഫ് നേതാക്കളെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനം. ഇതോടെ വനിതാ കമ്മീഷന് ഹരിത നേതാക്കള്‍ നല്കിയ പരാതിയും പിന്‍വലിക്കുമെന്നാണ് വിവരം. ബുധനാഴ്ച രാത്രി മലപ്പുറം ലീഗ് ഹൗസില്‍ നടന്ന നീണ്ട ചര്‍ച്ചയിലാണ് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പ്രഖ്യാപനം നടക്കുമെന്നാണ് പ്രതീക്ഷ.


എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്യാനാണ് തീരുമാനം. കബീര്‍ മുതുപറമ്പ്, വി എ അബ്ദുല്‍ വഹാബ് എന്നീ നേതാക്കള്‍ക്കെതിരെയും നടപടി വരും.


ഹരിത നേതാക്കളെ എം എസ് എഫ് ഭാരവാഹികള്‍ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുസ്ലിം ലീഗ് ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.


ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ഡോ. എം കെ മുനീര്‍ എം എല്‍ എ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, മലപ്പുറം ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരെല്ലാം ചര്‍ച്ചയിലുണ്ടായിരുന്നു.
ഹരിത സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി എ വഹാബും നടത്തിയ പരാമര്‍ശം വിവാദമാവുകയും ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ പരാതി നല്കുകയും ചെയ്തതോടെയാണ് പ്രശ്‌നം വഷളായത്.
വനിതാ കമ്മീഷനില്‍ പരാതി നല്കിയതിന് പിന്നാലെ ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് നേതൃത്വം മരവിപ്പിക്കുകയും പി കെ നവാസ്, കബീര്‍ മുതുപറമ്പ്, വി എ വഹാബ് എന്നിവരോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും’ എന്ന് എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംഘടന സംബന്ധിച്ച കാര്യങ്ങളില്‍ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ നവാസ് വിശേഷിപ്പിച്ചുവെന്നാണ് ഹരിത നേതാക്കള്‍ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡന്റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയതോടെ സ്ഥിതി വഷളായി. അതിനിടെ ഫാത്തിമ തഹ്‌ലിയ വാര്‍ത്താ സമ്മേളനവുമായി വരികയും സോഷ്യല്‍ മീഡിയയില്‍ ഫാത്തിമ തഹ്‌ലിയയെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.


