

ദോഹ: അദ്ദേഹം ഖത്തര്‍ പ്രവാസിയായിരുന്നു- കുറ്റ്യാടി ആയഞ്ചേരി മംഗലാടി ഹാരിസ് മംബ്ലിക്കുനി. ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി മടങ്ങി വരാനിരിക്കെയായിരുന്നു നാല്‍പ്പതുകാരനായ ഹാരിസിനെ മരണം നിപയുടെ രൂപത്തില്‍ കൂട്ടിക്കൊണ്ടുപോയത്.

ഹാരിസിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി ഖത്തര്‍ കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് പറഞ്ഞു. കുടുംബത്തിന്റേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഭയമല്ല ആവശ്യമെന്നും ചൂണ്ടിക്കാട്ടിയ ഡോ. സമദ് ആരോഗ്യപ്രവര്‍ത്തകരുടേയും അധികൃതരുടേയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
സെപ്തംബര്‍ 11നാണ് ഹാരിസ് മരിച്ചത്. മരണകാരണം നിപയാണെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 30ന് മരിച്ച മുഹമ്മദും ഹാരിസും ആശുപത്രിയില്‍ തമ്മിലുണ്ടായ സമ്പര്‍ക്കമാണ് രോഗത്തിന് കാരണമായത്.
ഹാരിസിന്റെ നിര്യാണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച രാത്രി 10 മണിയോടെ നാട്ടില്‍കൊണ്ടുപോയി സംസ്‌ക്കരിക്കാന്‍ അധികൃതര്‍ വിട്ടുനല്‍കിയിരുന്നു. കടമേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്. കോഴിക്കോട് കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി കെ പ്രമോദ്, ബിജു ജയറാം, പി എസ് ഡെയ്‌സണ്‍, ഷമീര്‍, ഇന്‍സാഫ് എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഖബറടക്ക ചടങ്ങുകള്‍ക്കും നിപ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ തന്നെയാണ് നേതൃത്വം നല്‍കിയത്.
അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.

