
ദോഹ: ഡോ. സാബു കെ സിയുടെ പുതിയ മലയാള കവിതാസമാഹാരമായ ‘ഹര്‍ഷവര്‍ഷം’ വായനക്കാര്‍ക്ക് സമര്‍പ്പിച്ചു. മനുഷ്യവികാരങ്ങള്‍, പ്രവാസജീവിതം, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമകാലിക സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ എന്നിവയാണ് കൃതിയുടെ പ്രമേയം.

തിരുവനന്തപുരം ആസ്ഥാനമായ എസ്‌തെറ്റിക്‌സ് പ്രസിദ്ധീകരിച്ച ‘ഹര്‍ഷവര്‍ഷം’ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഡി എല്‍ എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ സാംസ്‌കാരിക സമ്മേളനത്തിനിടെയാണ് ഖത്തറില്‍ പ്രകാശനം ചെയ്തത്. കേരള മലയാളം സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അശോക് എം ഡിക്രൂസ് പുസ്തകം പ്രകാശനം ചെയ്തു. ദോഹയിലെ ലയോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മലയാള വിഭാഗം മേധാവി ഗീതാ സൂര്യന്‍ പുസ്തകം ഏറ്റുവാങ്ങി.

സാഹിത്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, പ്രൊഫ. കെ ടി സൂപ്പി, ഷറഫ് പി ഹമീദ്, ഹുസൈന്‍ കടന്നമണ്ണ, തന്‍സീം കുറ്റ്യാടി, മിനി സിബി, അഷ്റഫ് മടിയാരി, അന്‍സാറ അരിമ്പ്ര, ലിപ്‌സി സാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇതിന് മുമ്പ് തൃശൂരിലെ കേരള സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവായ രാജീവ് ആലുങ്കല്‍ പുസ്തകം പ്രകാശനം ചെയ്യുകയും പ്രമുഖ കവിയും ചലച്ചിത്ര ഗാനരചയിതാവായ എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ഡോ. സാബു കെ സിയുടെ മറ്റ് കൃതികളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി നോവല്‍ ‘കേന്ദ്രന്‍’, ഗവേഷണ ഗ്രന്ഥമായ എജുക്കേഷന്‍ ആന്റ് മോഡേണിറ്റി എന്നിവ ഉള്‍പ്പെടുന്നു.
എറണാകുളം ജില്ലയിലെ തൃക്കാക്കരയ്ക്കടുത്ത കങ്ങരപ്പടിയാണ് ഡോ. സാബു കെ സിയുടെ സ്വദേശം. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റില്‍ പി ജി ഡിപ്ലോമയും നേടിയിട്ടുണ്ട്. ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലും അധ്യാപകനായും അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദോഹയിലെ ഒരു വിദ്യാലയത്തിന്റെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഗവേഷണ- സാമൂഹിക വികസന പദ്ധതികളിലും പങ്കാളിയായിരുന്നു. ‘സെന്‍ട്രല്‍ ക്രോണിക്കിള്‍’ പത്രത്തില്‍ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ദോഹയിലെ ഗള്‍ഫ് ടൈംസില്‍ ജോലി ചെയ്യുന്നു.

