
ശിവഗിരി: പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാര്‍ മധുസൂദനനും ചേര്‍ന്ന് രചിച്ച ‘എംപവറിംഗ് മൈന്‍ഡ്‌സ്; ട്രാന്‍സ്ഫോര്‍മിംഗ് ലൈവ്‌സ്- ശ്രീ നാരായണ ഗുരുസ് ഫിലോസഫി ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റ്’ എന്ന കൃതി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറിന് നല്‍കി പ്രകാശം നിര്‍വഹിക്കും. തൊണ്ണൂറ്റി മൂന്നാമത് ശിവഗിരി തീര്‍ഥാടനത്തോട് അനുബന്ധിച്ചു ഡിസംബര്‍ 30ന് രാവിലെ പത്തു മണിക്ക് ശിവഗിരിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലാണ് പുസ്തക പ്രകാശന ചടങ്ങ്.

സോഹോ കോര്‍പറേഷന്‍ ചീഫ് സയന്റിസ്റ്റും സഹ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു, ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍, സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍, ഖജാന്‍ജി ശാരദാനന്ദ സ്വാമികള്‍, ഡോ. എ വി അനൂപ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഹാര്‍മണി അണ്‍വീല്‍ഡ്; ശ്രീ നാരായണ ഗുരുസ് ബ്ലൂപ്രിന്റ് ഫോര്‍ വേള്‍ഡ് പീസ് ആന്റ് പ്രോഗ്രസ് എന്ന ഗ്രന്ഥത്തിന് ശേഷം പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാര്‍ മധുസൂദനനും ചേര്‍ന്ന് രചിച്ച കൃതിയാണിത്. ഈ ഗ്രന്ഥം ശ്രീ നാരായണ ഗുരുവിനെ സന്യാസിയായോ തത്വചിന്തകനായോ മാത്രം കാണുന്ന പതിവ് സമീപനത്തെ അതിജീവിച്ച് വിദ്യാഭ്യാസം, നൈപുണ്യവികസനം, മാനവ പുരോഗതി എന്നിവയില്‍ കാലത്തേക്കാള്‍ മുന്നേ സഞ്ചരിച്ച ആധുനിക ദാര്‍ശനികനായി അവതരിപ്പിക്കുന്നു. ശാസ്ത്രവും ജ്ഞാനവും തൊഴിലും സാമൂഹിക പരിവര്‍ത്തനവും ആത്മീയതയും സമന്വയിപ്പിക്കുന്ന ഗുരുവിന്റെ സമഗ്ര ദര്‍ശനമാണ് ഈ ഈ പുസ്തകത്തിന് ആധാരം.
