തീവ്രഹിന്ദുത്വ പ്രചാരകനും സ്വപ്‌നയുടെ അഭിഭാഷകനുമായ അഡ്വ. കൃഷ്ണരാജിനെതിരെ മതവിദ്വേഷ കേസ്

Web Desk
2 Min Read

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസിലെ നാടകീയതകള്‍ അവസാനിക്കുന്നില്ല. കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനും തീവ്ര ഹിന്ദുത്വ പ്രചാരകനുമായ അഡ്വ. കൃഷ്ണരാജിനെതിരെ മതവിദ്വേഷ പ്രചരണത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസ്തുത വിഷയത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കവെ സ്വപ്‌ന സുരേഷ് കുഴഞ്ഞു വീണു.

city exchange

കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കെതിരെ മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രചരണം നടത്തിയതിന് അഡ്വ. അനൂപ് വി ആര്‍ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി അയച്ച പരാതിയാണ് അഡ്വ. കൃഷ്ണരാജിനെതിരെ ഐ പി സി 295 എ വകുപ്പ് പ്രകാരം കേസെടുത്തത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടാകും.

കെ എസ് ആര്‍ ടി സിയിലെ യൂണിഫോമിന് പകരം മതവേഷത്തില്‍ ബസ്സോടിച്ചുവെന്ന തരത്തില്‍ വര്‍ഗ്ഗീയവിഷം ചീറ്റുന്ന കുറിപ്പാണ് കൃഷ്ണരാജ് ഫോട്ടോ പങ്കുവെച്ച് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് വ്യാപകമായി സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

- Advertisement -
Ad image

എന്നാല്‍ വിദ്വേഷ പ്രചരണത്തിന് കെ എസ് ആര്‍ ടി സി തന്നെ വിശദീകരണവുമായി രംഗത്തു വന്നിരുന്നു. കെ എസ് ആര്‍ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി എച്ച് അഷറഫ് മെയ് 25ന് തിരുവനന്തപുരം- മാവേലിക്കര റൂട്ടില്‍ ഡ്യൂട്ടി നിര്‍വഹിക്കവെ അദ്ദേഹത്തിന്റെ ഫോട്ടോ തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി കെ എസ് ആര്‍ ടി സി അറിയിച്ചിരുന്നു.

ബസ്സോടിക്കവെ പാന്റിനു മുകളില്‍ അഴുക്ക് പുരളാതിരിക്കാന്‍ മടിയില്‍ വലിയ തോര്‍ത്ത് വിരിച്ചത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

അതിനിടെ തന്റെ അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണവെ സ്വര്‍ണ്ണക്കള്ളക്കടത്ത് സ്വപ്ന സുരേഷ് കുഴഞ്ഞുവീണു. തനിക്കു ചുറ്റുമുള്ളവരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും വേണമെങ്കില്‍ തന്നെ കൊന്നൂടെ എന്നും ചോദിച്ച് പൊട്ടിക്കരഞ്ഞ സ്വപ്ന സുരേഷ് കുഴഞ്ഞു വീഴുകയായിരുന്നു.

അഭിഭാഷകരെ എപ്പോഴും മാറ്റാനൊന്നും തനിക്ക് പണമില്ലെന്നും ഷാജ് കിരണ്‍ ഓഡിയോയില്‍ പറഞ്ഞത് പോലെ തന്റെ വക്കീലിനെ കുടുക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും സ്വപ്ന പറഞ്ഞു. കഴിഞ്ഞ ദിവസം പറഞ്ഞ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കുഴഞ്ഞുവീണ സ്വപ്നക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

Share This Article
Leave a Comment
error: Content is protected !!