ആദ്യം ദുരന്തവും പിന്നെ പ്രഹസനവുമായി ചരിത്രം ആവര്‍ത്തിക്കുന്നു

Web Desk
4 Min Read

സമയം വളരെ കൃത്യമായി പാലിക്കാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. കാരണം വിമര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടത് ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ അത്യാവശ്യമാണ്. ഒന്നാമത് കോവിഡ് രോഗം വ്യാപിച്ചപ്പോള്‍ ഒന്നും ചെയ്യാതെ മാളത്തില്‍ പതുങ്ങിയെന്ന വിമര്‍ശനം രാജ്യത്തിനകത്തും പുറത്തും നല്ല ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്, രണ്ടാമത് പെട്രോളിന്റേയും ഡീസലിന്റേയും ഗ്യാസിന്റേയും വില യാതൊരു ലക്കും ലഗാനവുമില്ലാതെ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വല്ലാതെ അലോസരമാകുന്നുണ്ട്, ഇതൊന്നും പോരാഞ്ഞിട്ട് ആരാധകരൊഴികെ ബാക്കിയെല്ലാവരും മോശം ഭരണമെന്ന പ്രതിഛായയും നല്കിയിട്ടുണ്ട്. ഇതിനെല്ലാമിടയില്‍ പുതിയ വിമര്‍ശനങ്ങള്‍ കൂടി ഉയരുന്നത് തത്ക്കാലത്തേക്കെങ്കിലും തടയേണ്ടത് ആവശ്യമായിരുന്നു.

city exchange

ടോക്യോയില്‍ ഒളിംപിക് നടക്കുമ്പോള്‍ അത് ഇന്ത്യന്‍ കായിക രംഗത്ത് എന്തുമാറ്റമുണ്ടാക്കുമെന്നല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിലും ചരിത്രത്തിലും എന്തുമാറ്റമുണ്ടാക്കണമെന്നാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ ചിന്തിച്ചിട്ടുള്ളതെന്നതിന്റെ തെളിവാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരം പേരുമാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌ക്കാരം എന്നാക്കിയതിന് പിന്നിലുള്ളത്.

ഇന്ത്യ മാത്രമല്ല ലോകം കണ്ട ഏറ്റവും മഹാനായ ഹോക്കി താരമാണ് മേജര്‍ ധ്യാന്‍ ചന്ദ്. ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നു തവണ സ്വര്‍ണ മെഡല്‍ നേടിക്കൊടുത്ത ടീമിലെ സുപ്രധാന കളിക്കാരന്‍. ഹോക്കിയിലെ മാന്ത്രികനായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ഹോക്കിയിലെ സുവര്‍ണ കാലഘട്ടമാണ് ധ്യാന്‍ ചന്ദ് കളത്തിലുണ്ടായിരുന്ന കാലം.
ബ്രിട്ടീഷ് കൂലിപ്പട്ടാളത്തിലെ ജോലിക്കാരനായാണ് അദ്ദേഹം ജീവിതം തുടങ്ങിയത്. പിന്നീട് സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ഇന്ത്യന്‍ പട്ടാളത്തില്‍ മേജര്‍ പദവി നല്കുകയായിരുന്നു. മാത്രമല്ല 1956ല്‍ പത്മഭൂഷണ്‍ നല്കി ആദരിക്കുകയും ചെയ്തു.
1928ല്‍ ആംസ്റ്റര്‍ഡാം ഒളിംപിക്‌സിലും 1932ല്‍ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സിലും 1936 ബര്‍ലിന്‍ ഒളിംപിക്‌സിലുമാണ് ധ്യാന്‍ ചന്ദും സംഘവും ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയത്. മൂന്ന് ഒളിംപിക്‌സുകളിലെ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നായി 33 ഗോളുകളാണ് ധ്യാന്‍ചന്ദ് സ്വന്തമാക്കിയത്.
1905 ആഗസ്ത് 29ന് ജനിക്കുകയും 1979 ഡിസംബര്‍ മൂന്നിന് മരിക്കുകയും ചെയ്ത ധ്യാന്‍ ചന്ദിന്റെ ജന്മദിനാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. കായിക താരങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രപതി അര്‍ജുന അവാര്‍ഡും പരിശീലകര്‍ക്ക് ദ്രോണാചാര്യ പുരസ്‌ക്കാരവും സമ്മാനിക്കുന്നത് ഈ ദിവസത്തിലാണ്. മാത്രമല്ല അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി 2002ല്‍ ഡല്‍ഹിയിലെ ദേശീയ സ്‌റ്റേഡിയത്തെ ധ്യാന്‍ ചന്ദ് ദേശീയ സ്‌റ്റേഡിയം എന്ന പേരില്‍ പുനര്‍നാമകരണം നടത്തുകയും ചെയ്തു. ഇതുകൂടാതെ അദ്ദേഹം പഠിച്ചിരുന്ന അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ഒരു ഹോസ്റ്റലിനും അദ്ദേഹത്തിന്റെ പേരാണ് നല്കിയിരിക്കുന്നത്. ധ്യാന്‍ചന്ദിന്റെ സ്മരണയ്ക്കായി തപാല്‍ സ്റ്റാമ്പും ഒന്നാം ദിന കവറും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ധ്യാന്‍ ചന്ദിനോടുള്ള ആദര സൂചകമായി 1930ല്‍ വിയന്നയില്‍ പ്രതിമ സ്ഥാപിച്ചെന്നു മാത്രമല്ല അതിന് നാല് കൈകള്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. നാലു കൈകളിലും ഓരോ ഹോക്കി സ്റ്റിക്കുമുണ്ടായിരുന്നു.

- Advertisement -
Ad image


ധ്യാന്‍ ചന്ദിന്റെ സ്മരണയോ അദ്ദേഹത്തോടുള്ള ആദരവോ നിലനിര്‍ത്താന്‍ ഇന്ത്യയിലെ മികച്ചൊരു പ്രധാനമന്ത്രിയുടെ പേര് മാറ്റേണ്ട യാതൊരു ആവശ്യവിമില്ലായിരുന്നുവെന്ന് ചുരുക്കം.
പിന്നെന്തിനായിരിക്കും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരുമാറ്റി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ധ്യാന്‍ ചന്ദിന്റെ പേര് നല്കിയിട്ടുണ്ടാവുക. പേരും ചരിത്രവും മാറ്റല്‍ ഹോബിയായി കാണുന്ന ഭരണാധികാരികള്‍ ഒരവസരം പാര്‍ത്തു കഴിയുകയായിരുന്നു എന്നുവേണം കരുതാന്‍. ടോക്യോ ഒളിംപിക്‌സില്‍ പ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ഏതെങ്കിലുമൊരു ടീം സ്വര്‍ണം നേടുകയും ചെയ്യുന്ന ദിവസം ആദരസൂചകമായി പേരുമാറ്റാനായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക. തീര്‍ച്ചയായും പുരുഷ ടീം വെങ്കലം നേടിയതിന് പിന്നാലെ വനിതാ ടീം വെങ്കല മത്സരത്തിന് കളത്തിലിറങ്ങിയപ്പോള്‍ രണ്ടു വെങ്കലം കിട്ടുന്ന ദിവസമായി ആ പ്രഖ്യാപനം തിരുത്തിയിട്ടുണ്ട്. വനിതാ ടീം നാലാം സ്ഥാനത്തായി മെഡല്‍ പട്ടികയില്‍ നിന്നും പുറത്തായതിന് പിന്നാലെ പേരുമാറ്റല്‍ പ്രഖ്യാപനം വന്നതിനര്‍ഥം നേരത്തെ തന്നെ പേരുമാറ്റാനുള്ള സമയം നിശ്ചയിച്ചിരുന്നുവെന്നാണ്.


ചരിത്രത്തില്‍ പേരില്ലാത്ത തങ്ങളുടേതല്ലാത്തതെല്ലാം മായ്ക്കുകയോ മറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിനു കൂടി വിളിക്കുന്ന പേരാണ് ഫാസിസമെന്നത്. നിരവധി പേര്‍ തന്നോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുരസ്‌ക്കാരത്തിന്റെ പേര് മാറ്റിയതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആ നിരവധി പേര്‍ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല.
ഇന്ത്യന്‍ കാര്‍ഷിക രംഗത്തിന് കടുത്ത വിനാശം സൃഷ്ടിക്കുന്ന പുതിയ നിയമം മാറ്റാന്‍ നിരവധി കര്‍ഷകര്‍ നൂറു ദിവസത്തിലേറെയായി ഡല്‍ഹിയില്‍ പ്രതിഷേധ സമരത്തിലുണ്ട്, പൗരത്വ നിയമം ഭേദഗതി വരുത്തി ഒരു വിഭാഗത്തെ പീഡിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നു പറഞ്ഞ് വേറേയും നിരവധി പേര്‍ കോവിഡ് വ്യാപനമുണ്ടാകുന്നതിന് തൊട്ടുമുമ്പുവരെ ഡല്‍ഹിയില്‍ ആഴ്ചകളോളം പ്രതിഷേധ സമരത്തിലുണ്ടായിരുന്നു, പല ലക്ഷ്യങ്ങളോടെ നിയമം നടപ്പാക്കുന്നതില്‍ നിന്നും ലക്ഷദ്വീപിനെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് പിന്നേയും നിരവധി പേര്‍ ഇപ്പോഴും രംഗത്തുണ്ട്- ഇതൊന്നും ഭരണകൂടം കേട്ട ഭാവം പോലും കാണിച്ചിട്ടില്ല. അതിനിടയിലാണ് ഏതോ കുറേപേരുടെ തലയില്‍ തങ്ങളുടെ ആശയം കയറ്റിവെച്ച് മുന്‍ പ്രധാനമന്ത്രിയുടെ നാമം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.


ഈ പേരുമാറ്റം അരങ്ങേറുമ്പോള്‍ ധ്യാന്‍ചന്ദിന്റെ ജീവിതത്തില്‍ നിന്നും ഏറ്റവും തിളക്കമുള്ള അധ്യായം രാജ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിങ്ങനെയായിരുന്നു:
1936ലെ ബെര്‍ലിന്‍ ഒളിംപിക്‌സ്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കുന്നത് ലോകംകണ്ട ഏറ്റവും വലിയ നാസി ഭരണാധികാരി ജര്‍മന്‍ ചാന്‍സലറായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറായിരുന്നു. എന്നാല്‍ ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്യാന്‍ ഇന്ത്യന്‍ നായന്‍ ധ്യാന്‍ചന്ദ് മടി കാണിച്ചു. ഹോക്കി ഫൈനലില്‍ ഇന്ത്യയും ജര്‍മനിയുമെത്തിയപ്പോള്‍ ഉദ്ഘാടന മാര്‍ച്ച് പാസ്റ്റിലെ ധ്യാന്‍ ചന്ദിന്റെ ധിക്കാരം അവസാനിപ്പിക്കണമെന്ന ബോധ്യത്തോടെ കളി കാണാന്‍ ഹിറ്റ്‌ലറുമെത്തി. എന്നാല്‍ ഒന്നിനെതിരെ എട്ടു ഗോളുകള്‍ നേടി ഇന്ത്യ ജര്‍മനിയെ പരാജയപ്പെടുത്തിയതോടെ സ്വര്‍ണ മെഡല്‍ ധ്യാന്‍ ചന്ദിന്റെ കഴുത്തിലണിയേണ്ടി വന്നു ഹിറ്റ്‌ലര്‍ക്ക്. മാത്രമല്ല അത്താഴ വിരുന്നു കൂടി നല്കിയാണ് ഹിറ്റ്‌ലര്‍ ഇന്ത്യന്‍ ടീമിനെ യാത്രയയച്ചത്. അത്താഴ വിരുന്നില്‍ ധ്യാന്‍ചന്ദ് പങ്കെടുത്തു. ഇന്ത്യന്‍ കരസേനയില്‍ കോര്‍പ്പറലായിരുന്ന ധ്യാന്‍ചന്ദിന് ജര്‍മനിയില്‍ സ്ഥിര താമസമാക്കണമെന്ന കരാറോടെ ജര്‍മന്‍ ആര്‍മിയില്‍ കേണല്‍ പദവിയും വാഗ്ദാനം ചെയ്തു. അത് ധ്യാന്‍ ചന്ദ് നിരസിക്കുകയായിരുന്നു.
ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായുമാണ് ആവര്‍ത്തിക്കുകയെന്നു പറഞ്ഞത് ഹിറ്റ്‌ലറുടെ അതേ നാട്ടുകാരനായ കാള്‍ മാര്‍ക്‌സായിരുന്നു.

Share This Article
Leave a Comment
error: Content is protected !!