മനുഷ്യവിഭവശേഷി ഉറവ വറ്റാത്ത അമൂല്യ സമ്പത്ത്: നജീബ് കാന്തപുരം

Web Desk
2 Min Read

ദോഹ: നവ സാങ്കേതിക വിദ്യ എത്ര പുരോഗതി പ്രാപിച്ചാലും മനുഷ്യ വിഭവ ശേഷിയുടെ മൂല്യം കുറയുന്നില്ലെന്ന് നജീബ് കാന്തപുരം എം എല്‍ എ അഭിപ്രായപ്പെട്ടു. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കാര്‍ഷിക വിപ്ലവവും വ്യാവസായിക വിപ്ലവവും കമ്പ്യൂട്ടര്‍ വിപ്ലവവും നടന്നിട്ടും മനുഷ്യവിഭവശേഷിക്ക് ഏല്‍ക്കാത്ത മൂല്യച്യുതി ആധുനിക കാലത്തെ എ ഐ വിപ്ലവത്തില്‍ സംഭവിക്കുകയില്ല. സഹാനുഭൂതി, മനുഷ്യത്വം, സഹതാപം തുടങ്ങി മാനുഷിക വൈകാരിക ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ മനുഷ്യവിഭവം തന്നെ ആവശ്യമാണ്. നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വന്നാല്‍ മനുഷ്യരുടെ ജോലി അവസരം നഷ്ടപ്പെടുകയില്ല, മറിച്ച് വിദ്യാസമ്പന്നരായ ആളുകള്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകക്രമം ദിനേന മാറിക്കൊണ്ടിരിക്കുകയാണ്. വേഗത കൂടിയ ഇക്കാലത്ത് നവ സാങ്കേതിക വിദ്യയുടെ പുത്തന്‍ പാഠങ്ങള്‍ പഠിച്ചെടുക്കാന്‍ പുതു തലമുറയെ പാകപ്പെടുത്തിയെടുക്കണം. പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ അണിനിരക്കാതെ പരിഹാരങ്ങളുടെ ഭാഗമാകാന്‍ യുവതലമുറയെ സജ്ജരാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ ലോകത്തെ പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ വിചക്ഷണരും മുന്നിട്ടിറങ്ങി അവ സ്വായത്തമാക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക അച്ചടക്കം ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്ത് വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരാനും അവരവരുടെ നിയോഗം എന്താണെന്ന് മക്കള്‍ക്ക് സ്വയം തിരിച്ചറിയാനും കഴിയുമ്പോഴാണ് സമൂഹം ശരിയായ ദിശയില്‍ മുന്നേറുകയെന്നും നജീബ് കാന്തപുരം എം എല്‍ എ വ്യക്തമാക്കി.

ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ സി ഇ ഒ ഹാരിസ് പി ടി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌പോട്‌സ് കൗണ്‍സില്‍ (ഐ എസ് സി) പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് സിറാജ് ഇരിട്ടി, ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷബീര്‍ വെള്ളാടത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

- Advertisement -
Ad image

പരിപാടിയില്‍ സി ഒ ഒ അമീര്‍ ഷാജി, ഡെപ്യൂട്ടി സി ഇ ഒ സഫീറുസലാം, സി എഫ് ഒ ഫാഇസ് എളയോടന്‍, ഡോ. റസീല്‍ മൊയ്തീന്‍, ആശിഖ് ബേപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. മൊയ്ദീന്‍ ഷാ, ഹാഫിസ് ഷബീര്‍, റഷീഖ് ബക്കര്‍, അമീനുര്‍റഹ്മാന്‍ എ എസ്, ഫഹ്‌സിര്‍ റഹ്മാന്‍, സിജില കെ സൈദു, സുആദ ഇസ്മാഈല്‍ അഷ്റഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!