ഐ സി ബി എഫ് ദിനാഘോഷം നവംബര്‍ 13ന്; 19 പേര്‍ക്ക് ആദരം

Web Desk
2 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ സി ബി എഫ്) ദ്വിവത്സര ആഘോഷമായ ‘ഐ സി ബി എഫ് ദിനം 2026’ നവംബര്‍ 13ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

city exchange

അല്‍ വക്രയിലെ ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വൈകുന്നേരം 5 മണി മുതല്‍ രാത്രി 10 മണി വരെ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ശ്രീകര്‍ റെഡ്ഢി മുഖ്യാഥിതിയായിരിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ 19 വ്യക്തികളെ ആദരിക്കും.

ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, എംബസി പ്രതിനിധികള്‍, ഖത്തര്‍ തൊഴില്‍ മന്ത്രാലയം, ഐ എല്‍ ഒ, വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷുറന്‍സ് ഫണ്ട് എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

പ്രശസ്ത ദക്ഷിണേന്ത്യന്‍ പിന്നണി ഗായകന്‍ അജയ് വാര്യരും ദിവ്യ രാമചന്ദ്രനും പങ്കെടുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര സംഗീതവിരുന്നും ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായിരിക്കും. 1984-ല്‍ ഇന്ത്യന്‍ എംബസിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ സ്ഥാപിതമായ ഐ സി ബി എഫ്, ഖത്തറിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനായി നാല് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, യുവജന ശാക്തീകരണം, തൊഴില്‍ സഹായം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സേവനങ്ങളാണ് സംഘടന കാഴ്ചവെച്ചിട്ടുള്ളത്.

- Advertisement -
Ad image

എംബസി സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് എല്ലാ വെള്ളിയാഴ്ചയും ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ഐ സി ബി എഫ് ഓഫീസില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. അല്‍ ഖോര്‍, റാസ് ലഫാന്‍, ദുഖാന്‍, സനയ്യ, ഷഹാനിയ തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌പെഷ്യല്‍ ക്യാമ്പുകളും നടത്തുന്നു. 125 ഖത്തര്‍ റിയാല്‍ ചെലവില്‍ രണ്ടു വര്‍ഷത്തേക്ക് ഒരു ലക്ഷം റിയാലിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഭീമ തകാഫുല്‍ ഇന്‍ഷുറന്‍സ്, ജയില്‍ സന്ദര്‍ശനം, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങള്‍, തൊഴിലാളികളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യസ സഹായങ്ങള്‍, പ്രവാസി സംഘടനകളുമായും (നോര്‍ക്ക, എന്‍ ആര്‍ ടി ഡബ്ല്യു ബി, എ പി എന്‍ ആര്‍ ടി എസ്) സര്‍ക്കാരുകളുമായും ബന്ധപ്പെട്ട സേവനങ്ങള്‍ തുടങ്ങിയ വിവിധ ക്ഷേമപദ്ധതികള്‍ സംഘടന നടപ്പിലാക്കി വരുന്നു.

ഐ സി ബി എഫ് കാഞ്ചാണി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, സെക്രട്ടറി ജാഫര്‍ തയ്യില്‍, ആശ്രയ ആന്‍ഡ് മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ മിനി സിബി, ഇന്‍ഷുറന്‍സ് കോഡിനേറ്റര്‍ മണിഭാരതി, ജയില്‍ വിസിറ്റ് ആന്‍ഡ് ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് കോഡിനേറ്റര്‍ നിലാംബരി സുശാന്ത് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!