Community
മാനസികാരോഗ്യ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ച് ഐ സി ബി എഫ് ഖത്തര്‍
ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ് ഖത്തര്‍) കമ്യൂണിറ്റി അംഗങ്ങള്‍ക്കായി മാനസിക ആരോഗ്യ- സമ്മര്‍ദ്ദ ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. ഐ സി ബി എഫ് കാഞ്ചാണി ഹാളില്‍ ‘മൈന്റ് മാറ്റേഴ്‌സ്’ എന്ന പേരില്‍ സംഘടിപ്പിച്ച ശില്പശാല ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ എന്‍ എം റിസര്‍ച്ച് സയന്റിസ്റ്റും കൗണ്‍സലറുമായ ജോര്‍ജ്ജ് വി ജോയ് നയിച്ചു.


മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും അതുവഴി മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയിലായിരുന്നു ശില്പശാല രൂപകല്‍പ്പന ചെയ്തിരുന്നത്.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. സമ്മര്‍ദ്ദം ജീവിതത്തിലെ ഒഴിവാക്കാനാവാത്ത കാര്യമാണെങ്കിലും ശരിയായ സമീപനത്തിലൂടെ അത് ഉപകാരപ്രദമായ രീതിയിലേക്ക് മാറ്റിയെടുക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.



പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. സമൂഹ നന്മക്കായി ഇത്തരത്തിലുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഐ സി ബി എഫിനെ അദ്ദേഹം അഭിനന്ദിച്ചു. മാനസികസമ്മര്‍ദം ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ അതിനെ വിജയത്തിലേക്കുള്ള ഉത്തേജകമാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സ്വാഗതം ആശംസിച്ചു. ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിനും മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു.
ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ഐ സി ബി എഫ് 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2024 വര്‍ഷത്തില്‍ ജനോപകാരപ്രദമായ 40 പരിപാടികള്‍ ഐ സി ബി എഫ് സംഘടിപ്പിക്കുമെന്നും അതില്‍ 27-ാമത് പരിപാടിയാണ് ഈ ശില്പശാല എന്നും അദ്ദേഹം പറഞ്ഞു.
ശില്പശാല നയിച്ച ജോര്‍ജ്ജ് വി ജോയ്, മാനസിക സമ്മര്‍ദത്തെ മാനസിക ശക്തിയാക്കി മാറ്റുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ആകര്‍ഷകമായ അവതരണ ശൈലിയും പ്രേക്ഷകരെ മുഴുവന്‍ പിടിച്ചിരുത്തി. വിജ്ഞാനപ്രദമായ ഒരു ചോദ്യോത്തര വേളയോടെയാണ് ശില്പശാല അവസാനിച്ചത്.
ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി നന്ദി പറഞ്ഞു. ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, നീലാംബരി സുശാന്ത്, ഉപദേശക സമിതി അംഗം ടി രാമശെല്‍വം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.


