Community
തൊഴിലാളികള്‍ക്കായി സൂര്യാഘാതത്തെക്കുറിച്ച് അവബോധ ക്ലാസ്സ് സംഘടിപ്പിച്ച് ഐ സി ബി എഫ് ഖത്തര്‍
ദോഹ: അന്തരീക്ഷ താപനില ക്രമാതീതമായി കുതിച്ചുയരുമ്പോള്‍ അതുമൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും എങ്ങിനെ നമ്മളെ സംരക്ഷിക്കാം എന്ന വിഷയത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ് ഖത്തര്‍) ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഐ സി ബി എഫ് കാഞ്ചാണി ഹാളില്‍ നടന്ന ക്ലാസ്സില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 150ഓളം തൊഴിലാളികളോടൊപ്പം ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.
ഐ സി ബി എഫ് 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ എംബസി തൊഴില്‍ സേവന വിഭാഗത്തിലെ ജയഗണേഷ് ഭരദ്വാജ് മുഖ്യതിഥിയായി പങ്കെടുത്തു. ഇന്ത്യന്‍ പ്രവാസികളുടെ പ്രത്യേകിച്ച് തൊഴിലാളികളുടെ ക്ഷേമത്തിനായി ഐ സി ബി എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു.
ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളി സമൂഹത്തോടുള്ള ഐ സി ബി എഫിന്റെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഇത്തരം പരിപാടികളെന്ന് അദ്ദേഹം പറഞ്ഞു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.
അല്‍മാന ഗ്രൂപ്പ് ഇന്‍സുലേഷന്‍ എന്‍ജിനീയറിങ് കമ്പനി സേഫ്റ്റി മാനേജര്‍ സുശാന്ത് സവര്‍ദേക്കര്‍ ക്ലാസ്സ് നയിച്ചു. സൂര്യാഘാതം തടയുന്നതിനും കടുത്ത താപനിലയില്‍ അപകടസാധ്യതകള്‍ തരണം ചെയ്യുന്നതിനുമുള്ള വിലയേറിയ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
ഐ സി ബി എഫ് മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവി ശങ്കര്‍ ഗൗഡ് സ്വാഗതവും ഐ സി ബി എഫ് സെക്രട്ടറി ടി കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
മാനേജിംഗ് കമ്മിറ്റി അംഗം നീലാംബരി സുശാന്ത്, ഉപദേശക സമിതി അംഗം ടി രാമശെല്‍വം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ എസ് സി മാനേജിംഗ് കമ്മിറ്റി അംഗം ദീപക് ചുക്കാല, വിവിധ കമ്മ്യൂണിറ്റി നേതാക്കളും അനുബന്ധ സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.