
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) സംഘടിപ്പിച്ച ഈദ് ബസാറും മെഹന്തി നൈറ്റും വര്‍ണാഭമായ ആഘോഷമായി. ഐ സി സി അശോക ഹാളില്‍ നടന്ന പരിപാടി ഈദ് ആഘോഷങ്ങളുടെ ഭാഗമായി വലിയ ജനപങ്കാളിത്തത്തോടെയായിരുന്നു.

ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് ചാന്‍സറിയും കോണ്‍സുലറുമായ ഡോ. വൈഭവ് എ തണ്ടാലെ പരിപാടി ഉദ്ഘാടനം ചെയ്തു.


ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഈദ് ആശംസകള്‍ നേര്‍ന്ന് പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഐ സി സി എക്‌സ്റ്റേണല്‍ ആക്ടിവിറ്റീസ് ആന്‍ഡ് ലിറ്ററേച്ചര്‍ ക്ലബ്ബ് മേധാവി പര്‍വി ഷ്രഫ്, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഐ സി സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ എന്നിവരുള്‍പ്പെടെ വിവിധ സാമൂഹിക- സാംസ്‌കാരിക നേതാക്കളും ഐ സി സി, ഐ സി ബി എഫ്, ഐ ബി പി സി, ഐ എസ് സി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

60ലേറെ സ്റ്റാളുകളാണ് ബസാറില്‍ ഒരുക്കിയത്. കൈത്തറി ഉത്പന്നങ്ങള്‍, ലെതര്‍ ഉത്പന്നങ്ങള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങള്‍, വിവിധ ഇന്ത്യന്‍ വിഭവങ്ങള്‍ എന്നിവ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചു.
ഷോപ്പിംഗിനൊപ്പം ലൈവ് മെഹന്തി സ്റ്റേഷനുകളും ഒരുക്കിയിരുന്നതോടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആഘോഷം കൂടുതല്‍ ആകര്‍ഷകമായി.

