

ദുബൈ: പാസ്പോര്‍ട്ടില്‍ ഗിവണ്‍ നെയിമിനൊപ്പം സര്‍നെയിം ഇല്ലെങ്കില്‍ യു എ ഇയിലേക്കുള്ള യാത്ര പ്രയാസമാകുമെന്ന് ട്രാവല്‍ മേഖലയില്‍ നിന്നുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. യാത്രാരേഖയായ പാസ്പോര്‍ട്ടില്‍ ഗിവണ്‍ നെയിമിനൊപ്പം പലര്‍ക്കും സര്‍നെയിം ഇല്ലാത്തത് പ്രശ്നമാവുന്നതായാണ് വാര്‍ത്ത.

നേരത്തെ തന്നെ ഇക്കാര്യം അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷനായ അയാട്ട യാത്രാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍നെയിം ഇല്ലാത്തവര്‍ക്കും യാത്ര സാധ്യമായിരുന്നു. ഇപ്പോള്‍ പുതിയ യാത്രാ നിര്‍ദേശങ്ങളില്‍ ഇക്കാര്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായാണ് ഈരംഗത്തുള്ളവര്‍ നല്‍കുന്ന സൂചന.

അഡ്വാന്‍സ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ (എ പി ഐ) സംവിധാനത്തില്‍ സര്‍നെയിം ഇല്ലാത്ത യാത്രക്കാര്‍ക്ക് പ്രയാസം നേരിടുന്നുണ്ട്. ചെക്ക്- ഇന്‍ സമയത്ത് വിമാനത്താവളത്തില്‍ എയര്‍ കാരിയര്‍ ശേഖരിക്കുന്ന യാത്രക്കാരുടെ രേഖകളില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ ലക്ഷ്യസ്ഥാനത്തെ എമിഗ്രേഷന്‍ അധികൃതര്‍ക്ക് കൈമാറാറുണ്ട്. ചെക്ക് ഔട്ട് സമയത്ത് സര്‍നെയിം ഇല്ലാത്ത പാസപോര്‍ട്ടിലെ യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കുമെന്നാണ് സൂചന.
പാസ്പോര്‍ട്ട് എടുക്കുന്ന സമയത്ത് തന്നെ ഇക്കാര്യത്തില്‍ ജാഗ്രത ഉണ്ടാവുന്നതാണ് നല്ലതെന്ന് യാത്രാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുകയാണ്. മിക്കയാളുകള്‍ക്കും സര്‍നെയിം അല്ലെങ്കില്‍ ലാസ്റ്റ് നെയിം എന്നത് കുടുംബപേരോ വീട്ടുപേരോ ആയിരിക്കും. പാസ്പോര്‍ട്ട് അപേക്ഷാ ഫോറത്തില്‍ ഇത് പ്രത്യേകം കോളങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.

