

ചെന്നൈ: അനധികൃതമായി മണല്‍ കടത്തിയ കേസില്‍ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ബിഷപ്പ് അറസ്റ്റില്‍. താമരഭരണി നദിയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസ് ചെന്നൈയില്‍ അറസ്റ്റിലായത്.

വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരേയും റിമാന്റ് ചെയ്തു.

അറസ്റ്റിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്കുള്ള 300 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം ചുമതലപ്പെടുത്തിയിരുന്നുവെന്നും കോവിഡായതിനാല്‍ രണ്ട് വര്‍ഷമായി രൂപതാ അധികൃതര്‍ക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഈ കാലയളവില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തതായി രൂപ വിശദീകരിക്കുന്നു.
വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന നിലയില്‍ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനുവല്‍ ജോര്‍ജിനെതിരെ രൂപത നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.

