
കോഴിക്കോട്: ഛത്തീസ്ഗഢില്‍ രണ്ട് കന്യാസ്ത്രീകളെ ട്രെയിന്‍ യാത്രക്കിടെ പൊലീസുകാര്‍ തടഞ്ഞു വെച്ച് ജയിലിലടച്ച സംഭവം അതിക്രൂരവും അത്യന്തം അപലപനീയവുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളില്‍ പ്രശസ്ത സേവനം നടത്തുന്ന അസീസി സിസ്റ്റേഴ്‌സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് തടവിലടക്കപ്പെട്ട രണ്ട് പേരും. ഇത് ന്യായീകരണമില്ലാത്ത കയ്യേറ്റമാണ്.

ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് അജണ്ടകള്‍ അതിഭീകരമായ നിലയില്‍ രാജ്യമെമ്പാടും നടപ്പിലാക്കി വരികയാണ്. അനധികൃത നിര്‍മ്മാണം എന്ന് പറഞ്ഞ് ആസ്സാമില്‍ ആയിരക്കണക്കിന് മുസ്ലിം വീടുകള്‍ കഴിഞ്ഞ ആഴ്ച ഇടിച്ച് തകര്‍ത്തിരിക്കയാണ്. അമ്പത് വര്‍ഷത്തിലധികമായി നികുതിയടച്ച് പോരുന്നവരുടെ വീടുകളാണ് അവിടെ തകര്‍ത്തത്.
ന്യൂനപക്ഷ സമുദായങ്ങളെ ഓരോന്നോരോന്നായി വംശഹത്യ നടത്തി ഇല്ലായ്മ ചെയ്യാനുള്ള ഗൂഢതന്ത്രങ്ങളുടെ ഫലമായുള്ള പ്രവര്‍ത്തനങ്ങളാണിതെല്ലാം. രാഷ്ട്രത്തിന്റെ അഖണ്ഡതയും പൗരന്മാരുടെ സ്വാതന്ത്ര്യവും നശിപ്പിക്കുന്ന ഇത്തരം ക്രൂരതകള്‍ക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നീതി നടപ്പാക്കണമെന്നും ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.

