കഴിഞ്ഞ വര്‍ഷം ഖത്തറിലെത്തിയ വിനോദ സഞ്ചാരികളില്‍ വര്‍ധന

Web Desk
2 Min Read

ദോഹ: ആഗോള തലത്തില്‍ മുന്‍നിര വിനോദസഞ്ചാര കേന്ദ്രമായി ഖത്തര്‍ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തി. 2025ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 51 ലക്ഷത്തിലധികം വിനോദസഞ്ചാരികളെയാണ് രാജ്യം സ്വാഗതം ചെയ്തത്. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഖത്തറിന്റെ ഉയര്‍ന്നുവരുന്ന ആകര്‍ഷണശേഷിയെയാണ് ഈ കണക്ക് പ്രതിഫലിപ്പിക്കുന്നത്.

city exchange

വര്‍ഷം മുഴുവന്‍ സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളും സജീവമായ അന്തരീക്ഷവും ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിച്ചതായി ഖത്തര്‍ ടൂറിസം അറിയിച്ചു. ഓരോ യാത്രികര്‍ക്കും ഓര്‍മ്മയില്‍ നില്‍ക്കുന്ന അനുഭവങ്ങള്‍ ഒരുക്കുന്നതില്‍ രാജ്യം വിജയിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ലോകോത്തര ഇവന്റുകള്‍, ഉത്സവങ്ങള്‍, പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍ എന്നിവയുടെ പിന്തുണയോടെ, സംസ്‌കാരം, വിനോദം എന്നിവയുടെ സമന്വയമാണ് ഖത്തര്‍ സന്ദര്‍ശകര്‍ക്ക് നല്‍കിയത്. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ മുതല്‍ സാംസ്‌കാരിക ആഘോഷങ്ങള്‍, കുടുംബ സൗഹൃദ ആകര്‍ഷണങ്ങള്‍, ആഡംബര അനുഭവങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന അവസരങ്ങളാണ് രാജ്യം ഒരുക്കിയത്.

ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍, ഹോസ്പിറ്റാലിറ്റി മേഖല, ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ ഖത്തര്‍ നടത്തിയ തന്ത്രപരമായ നിക്ഷേപങ്ങളുടെ വിജയമാണ് സന്ദര്‍ശകരുടെ ഈ തുടര്‍ച്ചയായ ഒഴുക്ക് വ്യക്തമാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള, തടസ്സമില്ലാത്ത അനുഭവങ്ങള്‍ നല്‍കാനുള്ള ഖത്തറിന്റെ കഴിവും ആധുനികവും സാംസ്‌കാരിക സമ്പന്നവുമായ സ്വാഗതം ചെയ്യുന്ന രാജ്യമായി ഖത്തറിന്റെ പ്രതിച്ഛായയും ഇതിലൂടെ കൂടുതല്‍ ശക്തമാകുന്നു.

- Advertisement -
Ad image

ദേശീയ ടൂറിസം തന്ത്രം 2030 ലക്ഷ്യങ്ങളിലേക്കുള്ള യാത്രയില്‍ ഖത്തര്‍ ഗണ്യമായ പുരോഗതിയും നവീനതയും ആഗോള ആകര്‍ഷണവും കൈവരിച്ചുവരുന്നതായും പുതിയ കണക്കുകളും പദ്ധതികളും സൂചിപ്പിക്കുന്നു. ഇതില്‍ ഏറ്റവും പരിവര്‍ത്തനാത്മകമായ പദ്ധതികളിലൊന്നാണ് 20 ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവില്‍ വികസിപ്പിക്കുന്ന സിമൈസ്മ തീരദേശ വിനോദസഞ്ചാര കേന്ദ്രം. സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസം വളര്‍ച്ചയിലേക്കുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്.

2025 ടൂറിസം മേഖലയ്ക്ക് ഒരു ചരിത്രവര്‍ഷമായിരുന്നുവെന്നും ഹോട്ടല്‍ മുറികളുടെ വില്‍പ്പന 9.7 ദശലക്ഷം രാത്രി താമസങ്ങളിലെത്തിയതായും സന്ദര്‍ശകരുടെ എണ്ണം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഫിഫ ലോകകപ്പിന് ശേഷവും ഖത്തര്‍ പ്രാദേശികവും അന്താരാഷ്ട്രവുമായ ശ്രദ്ധാകേന്ദ്രമായി തുടരുകയാണെന്നും അടിസ്ഥാന സൗകര്യ വികസനം, വൈവിധ്യമാര്‍ന്ന ഇവന്റുകള്‍, വ്യാപകമാകുന്ന ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ എന്നിവ ടൂറിസം വളര്‍ച്ചയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുന്‍പത്തെ കണക്കുകള്‍ പ്രകാരം, 2025ന്റെ ആദ്യ പകുതിയില്‍ രാജ്യത്തെത്തിയ അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണം 26 ലക്ഷമായിരുന്നു. ഇത് 2024ലെ അതേ കാലയളവിനെ അപേക്ഷിച്ച് മൂന്ന് ശതമാനം വര്‍ധനവുണ്ട്. വിദേശ വിനോദസഞ്ചാരികളില്‍ ഏറ്റവും വലിയ പങ്ക് ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്- 36 ശതമാനം. യൂറോപ്പ് 26 ശതമാനവും ഏഷ്യ/ ഓഷ്യാനിയ മേഖല 22 ശതമാനവും പങ്കുവഹിച്ചു. 2025ന്റെ ആദ്യ പകുതിയില്‍ 57 ശതമാനം സന്ദര്‍ശകര്‍ വിമാനമാര്‍ഗമാണ് എത്തിയത്. 33 ശതമാനം പേര്‍ കരമാര്‍ഗവും ഒന്‍പത് ശതമാനം പേര്‍ കടല്‍മാര്‍ഗവുമാണ് ഖത്തറിലെത്തിയത്.

Share This Article
Leave a Comment
error: Content is protected !!