

ദോഹ: ഇന്ത്യാ- ഖത്തര്‍ സംയുക്ത സമിതി ആദ്യ മന്ത്രിതല യോഗം ഈ വര്‍ഷം നടക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്ര നിമിഷമായിരിക്കും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് ദിനപത്രം അര്റായയോട് സംസാരിക്കുകയായിരുന്നു ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നതിന് പുറമേ ഉദ്യോഗസ്ഥ തലത്തിലുള്ള സന്ദര്‍ശനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. അതോടൊപ്പം ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍താനി ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡര്‍ പറഞ്ഞു.

കോവിഡിന്റെ പ്രതിസന്ധികള്‍ നിറഞ്ഞ വര്‍ഷമായിരുന്നു കടന്നുപോയതെങ്കിലും ഇന്ത്യാ- ഖത്തര്‍ ഉഭയകക്ഷി ബന്ധം വളരെയധികം ദൃഡമാക്കാന്‍ സാധിച്ചതായി അംബാസഡര്‍ എടുത്തുപറഞ്ഞു. ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍, സുരക്ഷിതത്വവും വിശ്വസനീയവുമായ വികസന ശൃംഖലകള്‍, ഭക്ഷ്യസുരക്ഷ എന്നിവ അതില്‍ ഉള്‍പ്പെടുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഖത്തര്‍ ഇന്ത്യയ്ക്ക് നല്കിയ പിന്തുണയെ അംബാസഡര്‍ എടുത്തുപറഞ്ഞു.
കോവിഡ് വ്യാപനമുണ്ടായിട്ടും വിദേശകാര്യം, പ്രതിരോധം, സമ്പദ് വ്യവസ്ഥ, നിക്ഷേപം, ഊര്‍ജ്ജം, ഗതാഗതം, ആശയവിനിമയം, സുരക്ഷ നിയമപാലനം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വിവിധ മന്ത്രാലയങ്ങളും സംയുക്ത സമിതികളും തമ്മില്‍ ചില ഉന്നതതല സന്ദര്‍ശനങ്ങളും വെര്‍ച്വല്‍ എക്സ്ചേഞ്ചുകളും പുതിയ സംരംഭങ്ങളും നടത്തിയിട്ടുണ്ട്.
ഖത്തറില്‍ ആദ്യത്തെ ഇന്ത്യന്‍ സര്‍വകലാശാല തുറക്കുന്നതാണ് ഈ വര്‍ഷത്തെ വലിയ സവിശേഷതയെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതു പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. രക്തദാനം, ബീച്ച് വൃത്തിായക്കല്, സാംസ്ക്കാരിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചതായും അംബാസഡര്‍ പറഞ്ഞു.

