

അബുദാബി: ടി 20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഫ്ഗാനിസ്ഥാനെതിരെ 66 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരെ ശിക്ഷിക്കാന്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്കായെങ്കിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നേടിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ അവര്‍ക്കായില്ല.

നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് ഇന്ത്യ നേടിയത്. ഈ ലോകകപ്പില്‍ ഇതുവരെ ഒരുടീം നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഓപ്പണിംഗില്‍ മികച്ച തുടക്കം നല്കിയ രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്കിയത്. ഇരുവരും 14.4 ഓവറില്‍ 140 റണ്‍സാണ് ആദ്യ വിക്കറ്റില്‍ അടിച്ചെടുത്തത്. ഇരുവരും അര്‍ധ സെഞ്ച്വറി കരസ്ഥമാക്കി. 47 പന്തില്‍ നിന്ന് മൂന്നു സിക്‌സും എട്ടു ബൗണ്ടറിയും ഉള്‍പ്പെടെ 74 റണ്‍സ് നേടിയ രോഹിത്തിനെ പുറത്താക്കി കരിം ജന്നത്താണ് ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്. പിന്നാലെ 48 പന്തില്‍ രണ്ടു സിക്‌സും ആറു ബൗണ്ടറികളും ഉള്‍പ്പെടെ 69 റണ്‍സെടുത്ത രാഹുലും പുറത്തായി.
മൂന്നാം വിക്കററില്‍ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും 22 പന്തില്‍ 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഋഷഭ് 13 പന്തുകളില്‍ മൂന്നു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 27 റണ്‍സും പാണ്ഡ്യ 13 പന്തുകളില്‍ രണ്ട് സിക്‌സും നാലും ഫോറും ഉള്‍പ്പെടെ 35 റണ്‍സുമെടുത്തു.

