വെബ് സമ്മിറ്റ് 2025ല്‍ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

Web Desk
2 Min Read

ദോഹ: അന്താരാഷ്ട്ര ടെക്‌നോളജിക്കല്‍ കോണ്‍ഫറന്‍സ് വെബ് സമ്മിറ്റ് 2025ല്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അപൂര്‍വ്വ നേട്ടത്തിനര്‍ഹരായി.

city exchange

കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഹാനിഷ് അബ്ദുല്ല, തമിഴ്‌നാട് ചെന്നൈ സ്വദേശിയായ ജയ് ആദിത്യ, തൃശൂര്‍ സ്വദേശിയായ നിഹാല്‍ ആഷിഖ് എന്നിവരാണ് ലോജിസ്റ്റിംഗ് രംഗത്തിന് ഏറെ ഉപകാരപ്രദമാവാന്‍ പോവുന്ന നൂതന പ്രൊജക്ട് അവതരിപ്പിച്ച് വെബ് സമ്മിറ്റില്‍ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹരായത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇവര്‍ വികസിപ്പിച്ചെടുത്ത മൊഡ്യുലാര്‍ ഓട്ടോമേറ്റഡ് സോര്‍ട്ടിംഗ് ഹബ് അഥവാ മാഷ് എന്ന ലോജിസ്റ്റിക് രംഗത്ത് വലിയ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ പോകുന്ന കണ്ടുപിടുത്തത്തിനാണ് ഖത്തര്‍ റിസര്‍ച്ച് ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ (ക്യു ആര്‍ ഡി ഐ) കൗണ്‍സില്‍ വെബ് സമ്മിറ്റിനോടനുബന്ധിച്ച് നടത്തിയ റൈസിംഗ് ഇന്നവേറ്റേര്‍സ് കോമ്പറ്റീഷനില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട നിരവധി പ്രൊജക്ടുകളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പ്രൊജക്ടുകള്‍ക്കാണ് വെബ് സമ്മിറ്റില്‍ പ്രസന്റ് ചെയ്യാന്‍ അവസരം ലഭിച്ചത്.

യൂണിവേഴ്‌സിറ്റി ഓഫ് ദോഹ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് നിഹാല്‍ ആഷിഖ്. ബിറ്റ്‌സ് പിലാനി യൂണിവേഴ്‌സിറ്റിയുടെ ദുബൈ കാമ്പസില്‍ ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ജയ് ആദിത്യ. ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ഹാനിഷ് അബ്ദുല്ല.

- Advertisement -
Ad image

ലോകപ്രശസ്ത ലോജിസ്റ്റിക് കമ്പനിയായ ഡി എച്ച് എല്ലിന്റെ ഖത്തര്‍ സെന്ററാണ് പ്രസ്തുത ടെക്‌നോളജി വികസിപ്പിച്ചെടുക്കാനാവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കി നല്‍കിയത്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ് മെറ്റീരിയല്‍സ് ആന്റ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സയന്റിസ്റ്റ് ഡോ. കിഷോര്‍ കുമാര്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുകയും ലബോറട്ടറി സംവിധാനങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തു.

ക്യു ഡി ആര്‍ ഐയില്‍ നിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ച് ഈ മൂന്നു വിദ്യാര്‍ഥികളുടേയും പേരില്‍ പാറ്റന്റ് ചെയ്യപ്പെട്ട ഈ ടെക്‌നോളജി വ്യാവസായികാടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ തയ്യാറായി അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയും മറ്റൊരു ലോജിസ്റ്റിക് കമ്പനിയും വെബ് സമ്മിറ്റില്‍ താത്പര്യം അറിയിച്ച് മുന്നോട്ടു വരികയുണ്ടായി.

സ്‌കേലബിള്‍ സ്റ്റാന്‍ഡ് എലോണ്‍ മൊഡ്യൂളുകള്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വികസിപ്പിച്ചെടുത്ത മാഷ് വഴി ചുരുങ്ങിയ ചിലവില്‍ എഫിഷ്യന്റായും വേഗത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയുടെ സഹായത്തോടെ ഡോക്യുമെന്റുകളും പാര്‍സലുകളും സോര്‍ട്ടു ചെയ്യാന്‍ കഴിയുന്നു. ഫുഡ് ഇന്‍ഡസ്ട്രി, മെഡിക്കല്‍, പ്രിന്റിംഗ് തുടങ്ങിയ മറ്റ് വ്യവസായിക മേഖലകളിലേക്കും ഇതിന്റ ഉപയോഗം വ്യാപിപ്പിക്കാന്‍ ഭാവിയില്‍ സാധിക്കുന്നതാണ്.

ഖത്തറിലെ ബിര്‍ല പബ്ലിക് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായിരിക്കെ കഴിഞ്ഞ വര്‍ഷം ഇവര്‍ മൂന്നു പേരും ചേര്‍ന്നെഴുതി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രകാശനം ചെയ്ത ബികം എ മേക്കര്‍, ആന്‍ ഇന്‍ട്രഡക്ഷന്‍ ടു ഹോബി റോബോട്ടിക്‌സ് എന്ന പുസ്തകം വിവിധ അന്താരാഷ്ട്ര ലൈബ്രറികളിലും ആമസോണിലും ഇപ്പോള്‍ ലഭ്യമാണ്.

മെയ് മാസത്തില്‍ മലേഷ്യയിലെ ക്വലാലംപൂരില്‍ നടക്കുന്ന ഐടെക്‌സ് 2025 ടെക് എക്‌സിബിഷനില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള ക്ഷണം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!